നടനും പ്രേംനസീറിൻ്റെ മകനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിൻ്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 70 വയസ്സായിരുന്നു. തിങ്കളാഴ്ച രാത്രി 11:50 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.നാല് വർഷമായി വൃക്ക – ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കു ചികിത്സയിലായിരുന്നു. നിരവധി സിനിമകളില്‍ നായക – വില്ലൻ വേഷങ്ങളില്‍ തിളങ്ങിയ താരമാണ് ഷാനവാസ്.
ആരോഗ്യം വഷളായതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ ആഷുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. വഴുതക്കാട് ആകാശവാണിക്കു സമീപം കോർഡോണ്‍ ട്രിനിറ്റി 2 ബിയില്‍ ആയിരുന്നു താമസം. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് പാളയം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനില്‍ നടക്കും.
മലയാളം, തമിഴ് ഭാഷകളിലായി 96 സിനിമകളില്‍ അഭിനയിച്ച താരമാണ് ഷാനവാസ്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘പ്രേമഗീതങ്ങള്‍’ ആണ് ഷാനവാസിൻ്റെ ആദ്യ സിനിമ. ഇരുപത്തഞ്ചോളം സിനിമകളില്‍ നായകനായി. നിരവധി സിനിമകളില്‍ വില്ലൻ വേഷങ്ങളിലും തിളങ്ങി. ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു.
