വാഹനാപകട മരണം; നിര്‍ത്താതെ പോയാല്‍ ഇനി പത്തുവര്‍ഷം തടവ്

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ ആളുകള്‍ മരിക്കുന്ന സംഭവങ്ങളില്‍ പത്തുവര്‍ഷം തടവ് ശിക്ഷയ്ക്ക് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ നിയമത്തില്‍ വ്യവസ്ഥ. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് പകരം കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 102 (2)ലാണ് പുതിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയത്.

അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കി മരണം സംഭവിക്കുന്ന കേസുകളില്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയോ പൊലീസിനേയോ ബന്ധപ്പെട്ട അധികാരികളെയോ അറിയിക്കാതിരുന്നാലോ ചെയ്താല്‍, പത്തുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമായി കണക്കാക്കും. കൂടാതെ പിഴയും വിധിക്കും-നിയമത്തില്‍ പറയുന്നു.

അശ്രദ്ധയോടെ വാഹനം ഓടിച്ചുണ്ടാകുന്ന അപകടത്തില്‍ മരണം സംഭവിച്ചാല്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് ഏഴ് വര്‍ഷം തടവും ലഭിക്കും. 2021ല്‍ മാത്രം ഒന്നര ലക്ഷം പേര്‍ റോഡപകടങ്ങളില്‍ മാത്രം കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ കണക്ക്.

ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി), ക്രിമിനല്‍ നടപടി ചട്ടം (സിആര്‍പിസി), ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയ്ക്ക് പകരം പുതിയ നിയമങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചിരുന്നു. ഐപിസിക്ക് പകരം ഭാരതീയ ന്യായ സംഹിത, സിആര്‍പിസിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാ സഹിംത, ഇന്ത്യന്‍ എവിഡന്‍സ് ആക്ടിന് പകരം ഭാരതീയ സാക്ഷ്യ എന്നീ നിയമങ്ങളാണ് ഇനി ഉണ്ടാവുക.