വിസ നിരസിച്ചതില്‍ നിരാശ; വനിതാ ഡോക്ടറെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഗുണ്ടൂർ ജില്ലയില്‍ നിന്നുള്ള 38 വയസ്സുകാരിയായ രോഹിണിയാണ് മരിച്ചത്.അമേരിക്കൻ വിസ നിഷേധിച്ചതിലുണ്ടായ നിരാശയാണ് ജീവനൊടുക്കാനുള്ള കാരണമെന്നാണ് വിവരം. മൃതദേഹത്തിന് സമീപത്ത് നിന്നും യുവ വനിതാ ഡോക്ടറുടെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. യുഎസ് വിസ ലഭിക്കാതെ വന്നതോടെ രോഹിണി കടുത്ത വിഷാദത്തിലായിരുന്നുവെന്നാണ് വിവരം. ആത്മഹത്യാക്കുറിപ്പിലും ഇക്കാരണം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഫ്ലാറ്റിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ ഫ്ലാറ്റില്‍ രോഹിണി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
രോഹിണിയുടെ കുടുംബാംഗങ്ങള്‍ ഹൈദരാബാദിലെ മറ്റൊരിടത്താണ് താമസിച്ചിരുന്നത്. വാതിലില്‍ മുട്ടിയിട്ടും പ്രതികരണം ഇല്ലാതിരുന്നതിനെ തുടർന്ന് ശനിയാഴ്ച അവർ വാതില്‍ തകർത്ത് അകത്ത് കടന്നപ്പോഴാണ് രോഹിണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പല തവണ വിളിച്ചിട്ടും രോഹിണി വാതില്‍ തുറക്കാതെ വന്നതോടെ വീട്ടുജോലിക്കാരിയാണ് രോഹിണിയുടെ കുടുംബത്തെ വിവരമറിയിച്ചത്. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, വെള്ളിയാഴ്ച രാത്രി രോഹിണി അമിതമായ അളവില്‍ ഉറക്ക ഗുളികകള്‍ കഴിക്കുകയോ സ്വയം കുത്തിവെക്കുകയോ ചെയ്തിരിക്കാമെന്ന് ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുന്നതിനാല്‍ കൃത്യമായ മരണ കാരണം ഇതുവരെ അറിവായിട്ടില്ല. വീട്ടില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ വിസ നിഷേധത്തെ തുടർന്ന് താൻ കടുത്ത വിഷാദത്തിലാണെന്ന് രോഹിണി സൂചിപ്പിച്ചിരുന്നു. വിസ അപേക്ഷ നിരസിക്കപ്പെട്ടതിനെക്കുറിച്ചും കുറിപ്പില്‍ പരാമർശിച്ചിട്ടുണ്ട്.
