കോവിഡ് വാക്സിനേഷനു ശേഷം മരണവും ഗുരുതര ആരോഗ്യപ്രശ്നങ്ങളും ; നഷ്ടപരിഹാര നയം രൂപീകരിക്കാൻ കേന്ദ്രത്തിന് നിർദേശം
ന്യൂഡൽഹി : കോവിഡ് വാക്സിനേഷന് ശേഷം ഗുരുതര ആരോഗ്യപ്രശ്നങ്ങളും മരണവും ഉണ്ടായ സംഭവങ്ങളിൽ നഷ്ട പരിഹാരം നൽകുന്നതിന് കുറ്റമറ്റ രീതിയിൽ നയം വേണമെന്ന് സുപ്രീംകോടതി. നയം രൂപീകരിക്കാൻ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നിർദേശം നൽകി. നിലവിലെ ചട്ടക്കൂടിൽ നയം രൂപീകരിക്കണം.
നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രത്തിന് അന്തിമ തീരുമാനം എടുക്കാം എന്നും കോടതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി ശരിവെച്ചു. കോവിഡ് വാക്സിനുകളുമായി ബന്ധപ്പെട്ട മരണങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന ഒരു നയവും ദുരന്തനിവാരണ നിയമപ്രകാരം നിലവിലില്ലെന്ന് കേന്ദ്രം കോടതിയിൽ അറിയിച്ചിരുന്നു.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് ഉത്തരവ്. വാക്സിൻ നൽകിയതിലോ നിർമിച്ചതിലോ പിഴവ് സംഭവിച്ചു എന്ന് സ്ഥാപിക്കാതെ തന്നെ, പാർശ്വഫലങ്ങൾ അനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്ന രീതിയാണിത്. കോടതി നിർദേശിക്കുന്ന നഷ്ടപരിഹാര നയം നിലവിലുള്ള മറ്റ് നിയമപരമായ പരിഹാരങ്ങൾ തേടുന്നതിന് ആർക്കും തടസ്സമാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ള ഹർജികളിൽ ഉൾപ്പെയാണ് കോടതി ഉത്തരവ്. കേസിൽ ഹർജിക്കാർക്കായി അഭിഭാഷകരായ കെ എൻ പ്രഭു, പി സുരേഷൻ, അൽജോ കെ ജോസഫ് എന്നിവർ ഹാജരായി.
