Latestകേരളം

ദീപക്കിൻ്റെ മരണം: ഷിംജിത ഒളിവിലെന്ന് സൂചന; സൈബർ സെല്ലിൻ്റെ സഹായം തേടി അന്വേഷണ സംഘം

കോഴിക്കോട്:ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ വടകര സ്വദേശി ഷിംജിത ഒളിവിലെന്ന് സൂചന. ഷിംജിതയുടെ മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. അന്വേഷണ സംഘം സൈബർ സെല്ലിൻ്റെ സഹായം തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഷിംജിതയ്ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്. അറസ്റ്റ് നീക്കത്തിന് പിന്നാലെയാണ് യുവതി ഒളിവിൽ പോയത്.

കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രക്കിടെ ബസില്‍വെച്ച്‌ ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ദുരുദ്ദേശത്തോടെ യുവാവ് ശരീരത്തില്‍ സ്പർശിച്ചെന്ന് കാണിച്ച്‌ വടകര പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

പിന്നാലെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച്‌ യുവതി ദീപകിനെതിരെ സമൂഹമാധ്യമത്തില്‍ വീഡിയോ പങ്കുവച്ചിരുന്നു. ഇത് വലിയ രീതിയില്‍ പ്രചരിച്ചു. 20 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. നിരവധിയാളുകള്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തു.വീഡിയോ വൈറലായതോടെ ദീപക്ക് കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്ന് കുടുംബം പറയുന്നു. സമൂഹമാധ്യമങ്ങളില്‍ റീച്ച്‌ കൂട്ടുക എന്ന നിലയിലാണ് പെണ്‍കുട്ടി വീഡിയോ ചിത്രീകരിച്ചതെന്നും ദീപകിന്റെ കുടുംബം ആരോപിക്കുന്നു