പരാതിക്കാരിക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണം; എൽദോസ് കുന്നപ്പിള്ളിക്കെതിരെ പുതിയ കേസ്

തിരുവനന്തപുരം: പീഡനക്കേസിലെ പരാതിക്കാരിക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയതിന് എൽദോസ് കുന്നപ്പിള്ളിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം പേട്ട പൊലീസാണ് എംഎൽഎയ്ക്കെതിരെ കേസെടുത്തത്. നാല് ഓൺലൈൻ മാധ്യമങ്ങൾക്കെതിരെയും കേസെടുത്തു.

ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്ത ശേഷം തന്നെ അപകീർത്തിപ്പെടുത്താൻ എം.എൽ.എ പ്രചാരണം നടത്തിയെന്നാണ് യുവതിയുടെ പരാതി. തന്‍റെ ഫോട്ടോകൾ ഉൾപ്പെടെ നൽകി അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിക്കാൻ ഒളിവിലായിരുന്ന എൽദോസ് ചില ഓൺലൈൻ മാധ്യമങ്ങൾക്ക് ഒരു ലക്ഷം രൂപ നൽകിയെന്നാണ് പരാതിയിൽ പറയുന്നത്.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കാണ് യുവതി പരാതി നൽകിയത്. ഇത് പിന്നീട് പേട്ട പൊലീസിന് കൈമാറി. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം വെള്ളിയാഴ്ച വൈകുന്നേരമാണ് പേട്ട പൊലീസ് പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.