Latestദേശീയം

ഡൽഹിയിൽ നാലുനിലക്കെട്ടിടം തകർന്ന് അപകടം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി വിവരം

ന്യൂഡൽഹി: ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് മരണം. ഒരു സ്ത്രീയുടെയും പുരുഷൻറെയും മൃതദേഹങ്ങൾ കെട്ടിടാവശിഷ്ടത്തിനടിയിൽ നിന്നും കണ്ടെടുത്തു. മൃതദേഹങ്ങൾ ജിടിബി ആശുപത്രിയിലേക്ക് മാറ്റി. വടക്കുകിഴക്കൻ ഡൽഹിയിൽ ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.

14 മാസം പ്രായമുള്ള ഒരു ആൺകുട്ടി, നാല് പുരുഷന്മാർ, മൂന്ന് സ്ത്രീകൾ ഉൾപ്പെടെ എട്ട് പേരെ ഇതുവരെ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തിരുന്നു. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്ത് പേരടങ്ങുന്ന ഒരു കുടുംബം കെട്ടിടത്തിൽ താമസിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. കൂടുതൽ പേർ കെട്ടിടത്തിനടിയിൽ കുടുങ്ങിയതായി സംശയമുണ്ട്. അഗ്നി രക്ഷാസേനയുടെ ഏഴ് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണ്.