ഡൽഹിയിലെ വായു നിലവാരം വളരെ മോശമായി തുടരുന്നു
രാജ്യതലസ്ഥാനത്ത് വായുമലിനീകരണം അതിരൂക്ഷമായി തുടരുകയാണ്. വായു ഗുണനിലവാരത്തില്‍ തോത് വീണ്ടും താഴുകയും ഗുരുതര വിഭാഗത്തിനടുത്തെത്തുകയും ചെയ്തു.ഡല്‍ഹിയില്‍ ഇന്ന് രേഖപ്പെടുത്തിയിരിക്കുന്ന വായു ഗുണനിലവാര സൂചിക 362 ആണ്. അതിനാല്‍ ഔട്ട്ഡോർ കായിക വിനോദങ്ങള്‍ക്ക് നിയന്ത്രമേർപ്പെടുത്തണമെന്ന് സ്കൂളുകള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. യമുനയില്‍ വിഷപത വീണ്ടും അടിഞ്ഞുകൂടിയിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ വിഷപത അടിഞ്ഞുകൂടിയ സാഹചര്യം വന്നപ്പോള്‍ ഛഠ് പൂജയ്ക്ക് മുന്നോടിയായി രാസവസ്തു തളിച്ച് പത നശിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് തന്നെ ഇത് താല്‍ക്കാലിക നടപടിയാണെന്നും ശാശ്വത പരിഹാരമാണ് വേണ്ടതെന്നും പ്രദേശത്തുള്ളവർ ആവശ്യപ്പെട്ടിരുന്നു. ആഴ്ച്ചകള്‍ക്ക് ശേഷമാണ് വീണ്ടും ഇപ്പോള്‍ വിഷപത അടിഞ്ഞ സാഹചര്യമുണ്ടായിട്ടുള്ളത്. സ്പീഡ് ബോട്ടുകള്‍ ഇറക്കി പത നീക്കം ചെയ്യാൻ വേണ്ടിയാണ് സർക്കാർ ശ്രമിക്കുന്നത്. ബോട്ടുകള്‍ വിഷപ്പതയ്ക്കു മുകളിലൂടെ ഓടിച്ച് പത അലിയിച്ച് കളയാനാണ് ശ്രമിക്കുന്നത്. വിഷപ്പതയുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം ചർച്ചയായതിന് പിന്നാലെയാണ് ഇവ സ്പീഡ് ബോട്ടുകള്‍ ഉപയോഗിച്ച് നീക്കാനായി സർക്കാർ ശ്രമിക്കുന്നത്.
