ഉത്തരേന്ത്യയില്‍ കൊടും തണുപ്പ്, താപനില 6°C വരെ താഴെ
നവംബർ മാസം പകുതിയെത്തിയപ്പോഴേക്കും ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിലും താപനില സാധാരണ നിലയേക്കാള്‍ 2°C മുതല്‍ 6°C വരെ താഴെയായി.ഈ സീസണിന്റെ തുടക്കം മുതല്‍ ഡല്‍ഹിയില്‍ അസാധാരണമായ തണുപ്പാണ് അനുഭവപ്പെടുന്നത്. നവംബർ 15 ന് ശേഷം താപനില 10°C-ല്‍ താഴെയായിരുന്നു. 11 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് നഗരത്തില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ 8.7°C എന്ന ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി, ഇത് സാധാരണയേക്കാള്‍ 3.6°C കുറവാണ്. നവംബറിലെ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ദേശീയ തലസ്ഥാനത്തെ മിക്ക പ്രദേശങ്ങളിലും രാത്രി താപനില 9°C നും 11°C നും ഇടയിലാണ്. തണുപ്പ് ഉത്തരേന്ത്യയില്‍ മാത്രം ഒതുങ്ങിനില്ക്കുന്നില്ല. പല മധ്യ, പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും ശീതതരംഗം അനുഭവപ്പെട്ടു.
മുംബൈയിലും അസാധാരണമായ തണുപ്പ് അനുഭവപ്പെട്ടു. സാന്താക്രൂസ് നിരീക്ഷണാലയത്തില്‍ 17.4°C താപനില രേഖപ്പെടുത്തി. മധ്യ മഹാരാഷ്ട്രയുടെയും പടിഞ്ഞാറൻ മധ്യപ്രദേശിന്റെയും ചില ഭാഗങ്ങളില്‍ ശീതതരംഗം മുതല്‍ കഠിനമായ ശീതതരംഗം വരെ റിപ്പോർട്ട് ചെയ്യപ്പെട്ടു. കൊങ്കണ്‍, ഗോവ, മധ്യ മഹാരാഷ്ട്ര, തെലങ്കാന, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡീഷ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കുറഞ്ഞ താപനില സാധാരണയേക്കാള്‍ അഞ്ച് ഡിഗ്രി വരെ താഴെയായി.
ഉത്തരേന്ത്യ തണുപ്പില്‍ വിറയ്ക്കുമ്ബോള്‍, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍ കനത്ത മഴക്കായി തയ്യാറെടുക്കുകയാണ്. നവംബർ 24 വരെ തമിഴ്നാട്ടിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും കനത്ത മഴ പെയ്യുമെന്ന് IMD പ്രവചിച്ചു.
തമിഴ്നാട്, കേരളം, മാഹി, ആന്ധ്രാപ്രദേശിന്റെ തീരദേശം, റായലസീമ എന്നിവിടങ്ങളില്‍ ഈ ആഴ്ചയുടെ ബാക്കി ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാകുമെന്നുമാണ് നിരീക്ഷണങ്ങള്‍.
