കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ വീട്ടിൽ തിരിച്ചെത്തി

കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാത്രി 12 മണിയോടെയാണ് തിരിച്ചെത്തിയത്. മാനസിക പ്രയാസംമൂലമാണ് നാട് വിട്ടത് എന്ന് ഡെപ്യുട്ടി തഹസിൽദാർ പിബി ചാലിബ് പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. ചാലിബിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.

ബുധനാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. വൈകുന്നേരം 5.15ഓടെയാണ് ഇദ്ദേഹം ഓഫീസിൽ നിന്നിറങ്ങുന്നത്. അപ്പോൾ വീട്ടിൽ ബന്ധപ്പെട്ടിരുന്നു. വളാഞ്ചേരിയിൽ ഒരു പരിശോധന നടത്താൻ പോകണമെന്നും വൈകുമെന്നും ഭാര്യയെ അറിയിച്ചു. രാത്രി എട്ട് മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്. 12 മണിയോടെ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു.

ഇതിനിടെ ചാലിബ് ഭാര്യയുമായി മൊബൈൽ ഫോണിൽ സംസാരിച്ചിരുന്നു. ഭാര്യ വിളിച്ചപ്പോൾ ഫോൺ എടുക്കുകയായിരുന്നു. കാണാതായതിന് പിന്നാലെ ചാലിബിന്റെ ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു. ഒരു ബസ്സ്റ്റാന്റിലാണുള്ളതെന്നും ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങിയെത്താമെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. എന്നാൽ എവിടെയാണെന്നുള്ളത് വ്യക്തമാക്കിയിരുന്നില്ല.