ദേവസ്വം ബോർഡ് നിയമന തട്ടിപ്പ് ;കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ തട്ടിപ്പെന്ന് സൂചന

ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ സ്ഥാപനങ്ങളിൽ നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് മാവേലിക്കര സ്വദേശികൾ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസ് കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ തട്ടിപ്പാണെന്ന് സൂചന. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ നൂറോളം പേരിൽ നിന്നായി നാല് കോടിയോളം രൂപ തട്ടിയെടുത്തതായാണ് വിവരം. തുക 10 കോടി കവിഞ്ഞാലും അത്ഭുതപ്പെടാനില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

ആറ് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലായി 60 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 14 പേർ ജയിലിലാണ്. പ്രതികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. തട്ടിപ്പിന് ഇരയാവരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് സൂചന.