പകര്‍ച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കോള്‍ സെന്റര്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് പകര്‍ച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കോള്‍ സെന്റര്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നിലവിലെ ദിശ കോള്‍ സെന്റര്‍ ശക്തിപ്പെടുത്തിയാണ് എല്ലാ ജില്ലകളില്‍ നിന്നുള്ള ഡോക്ടര്‍മാരുടേയും സേവനങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക കോള്‍ സെന്റര്‍ പ്രവര്‍ത്തന സജ്ജമാക്കിയത്. ദിശയിലെ കൗണ്‍സിലര്‍മാര്‍, ഡോക്ടര്‍മാര്‍, ഇ സഞ്ജീവനി ഡോക്ടര്‍മാര്‍ എന്നിവരെ കൂടാതെ എല്ലാ ജില്ലകളില്‍ നിന്നും ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കുന്നതാണ്. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതല്‍ പേരുടെ സേവനം ലഭ്യമാക്കുന്നതാണ്. ആരോഗ്യ സംബന്ധമായ എന്ത് സംശയങ്ങള്‍ക്കും ദിശയില്‍ വിളിക്കാവുന്നതാണ്. ആശുപത്രിയിലെ തിരക്കില്ലാതെ ഡോക്ടര്‍മാരോട് സംസാരിക്കാവുന്നതാണ്. ഈ സേവനം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.