പാക് നായിക വിവാദം: ‘ഞാന്‍ നിർമാതാക്കളുടെ നിലപാടിനൊപ്പം,ദോസാഞ്ച്
ഹൊറർ കോമഡി സിനിമയാണ് സർദാർജി 3. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ നായകനായ ദിൽജിത് ദോസാഞ്ചിന് നേരെ കടുത്ത വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. പാക് താരം ഹാനിയയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ പേരിലാണ് നടന് വിമർശനങ്ങൾ ലഭിച്ചത്. ഇപ്പോഴിതാ ഇതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ദിൽജിത് ദോസാഞ്ച്.
സിനിമയുടെ ഷൂട്ട് ആരംഭിക്കുമ്പോൾ ഇന്ത്യയ്ക്കും പാകിസ്താനുമിടയിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നെന്നും എന്നാൽ അതിന് ശേഷം സംഭവിച്ചത് തങ്ങളുടെ നിയന്ത്രണത്തിന് അതീതമായിരുന്നു എന്നും ദിൽജിത് പറഞ്ഞു. ഈ വിഷയത്തിൽ താൻ നിർമാതാക്കൾക്ക് ഒപ്പമാണെന്നും ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ ദിൽജിത് വ്യക്തമാക്കി.
‘ഈ സിനിമ എടുത്തപ്പോൾ ഇരുരാജ്യങ്ങൾക്കിടയിലും എല്ലാം ശാന്തമായിരുന്നു. ഫെബ്രുവരിയിൽ ആണ് ഞങ്ങൾ ഈ സിനിമ ചിത്രീകരിക്കുന്നത്. എന്നാൽ അതിന് ശേഷം, ഞങ്ങളുടെ നിയന്ത്രണത്തിന് അതീതമായ ഒരുപാട് വലിയ കാര്യങ്ങൾ സംഭവിച്ചു. അതിനാൽ, സിനിമ ഇപ്പോൾ ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന് നിർമ്മാതാക്കൾ തീരുമാനിച്ചിരിക്കുകയാണ്. നിർമ്മാതാക്കൾ ധാരാളം പണം ഈ സിനിമയ്ക്കായി മുടക്കിയിട്ടുണ്ട്. ഇന്ത്യയിൽ റിലീസ് ചെയ്യാൻ കഴിയാത്തതിനാൽ നഷ്ടമുണ്ടാകുമെന്ന് നിർമാതാക്കൾക്ക് ബോധ്യമുണ്ട്’, ദിൽജിത് പറഞ്ഞു.
