ഗുരുവായൂരിൽ വിവേചനം ഒഴിയുന്നു; സംവരണാടിസ്ഥാനത്തിൽ 2 വാദ്യകലാകാരൻമാരെ നിയമിച്ചു

ഗുരുവായൂർ: സംവരണാടിസ്ഥാനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വാദ്യകലാകാരൻമാരായി രണ്ട് പേരെ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് നിയമിച്ചു. ഇലത്താളം വിഭാഗത്തിൽ തൃശ്ശൂർ ചേലക്കര സ്വദേശി രമോജ്, കൊമ്പു കലാകാരൻ മൂവാറ്റുപുഴ സ്വദേശി ശ്രീരാജ് ശ്രീധർ എന്നിവരെയാണ് കഴിഞ്ഞയാഴ്ച നിയമിച്ചത്.

ഇരുവരും ഈഴവ സമുദായത്തിൽ പെട്ടവരാണ്. ക്ഷേത്രത്തിലെ ഏകാദശി വിളക്ക് ഘോഷയാത്രകളിൽ വാദ്യകലാകാരൻമാരായി അവർ പങ്കെടുത്ത് തുടങ്ങി. ഗുരുവായൂർ ദേവസ്വം വാദ്യവിദ്യാലയത്തിലെ പൂർവവിദ്യാർഥിയാണ് രമോജ്.

ഇലത്താളത്തിലും കൊമ്പിലും കലാകാരൻമാരുടെ ഒഴിവ് വന്നപ്പോൾ റിക്രൂട്ട്മെന്‍റ് ബോർഡ് ഇത് ഈഴവസംവരണമാക്കി പരസ്യം നൽകിയിരുന്നു. ഇതനുസരിച്ച് അപേക്ഷ നൽകിയവരിൽ രണ്ടുപേരെ കൂടിക്കാഴ്‌ചയുടെയും പ്രവൃത്തിപരിചയത്തിന്‍റെയും അടിസ്ഥാനത്തിൽ ആണ് നിയമിച്ചത്.