അപകടകാരികളായ തെരുവുനായകളെ കൊല്ലാൻ അനുവാദം നൽകും

കണ്ണൂർ :വളരെ അപകടകാരികളാണെന്ന് തെളിവ് സഹിതം ബോധ്യമായ തെരുവ് നായകളെ കൊല്ലാൻ അനുമതി നൽകുമെന്ന് കളക്ടർ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു.

അപകടകാരികളാണെന്ന് ബോധ്യമുള്ള തെരുവ് നായകളെ സി ആർ പി സി 133 പ്രകാരം കൊല്ലുന്നതിന് കളക്ടർ, സബ് കളക്ടർ, എഡിഎം ഇവരിൽ ആരുടെയെങ്കിലും ഉത്തരവിലൂടെ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് അനുവാദം നൽകാൻ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തല യോഗം തീരുമാനിച്ചതായും കളക്ടർ യോഗത്തെ അറിയിച്ചു.

എന്നാൽ ഒരു പൊതു ഉത്തരവായി ഇത് നൽകാനാവില്ല. നായ അപകടകാരി ആണെന്ന് തെളിഞ്ഞാൽ മാത്രമേ ഈയൊരു നടപടി ഉണ്ടാകൂവെന്നും കളക്ടർ പറഞ്ഞു. പാപ്പിനിശ്ശേരി -ചൊവ്വ ദേശീയപാത കുഴികളടച്ച് ഓവർ ലേ ചെയ്യാത്തത് ഗതാഗത കുരുക്കിന് ഇടയാക്കുന്നുണ്ടെന്നും കഴിഞ്ഞ തവണ കളക്ടറുടെ സാന്നിധ്യത്തിൽ കരാർ കമ്പനിയും എം എൽ എമാരുമായി ചേർന്ന യോഗത്തിന്റെ തീരുമാനം നടപ്പാക്കണമെന്നും കെ വി സുമേഷ് എം എൽ എ ആവശ്യപ്പെട്ടു.

കളക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ ഷാജിത്ത്, സബ് കളക്ടർ സന്ദീപ് കുമാർ, അസി. കളക്ടർ മിസാൽസാഗർ ഭരത്, ജില്ലാ പ്ലാനിങ്‌ ഓഫീസറുടെ ചുമതലയുള്ള ടി രാജേഷ് തുടങ്ങിയവരും പങ്കെടുത്തു.