കേരളത്തില്‍ നായകള്‍ക്കെതിരായ അക്രമം തടയാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി

കേരളത്തില്‍ തെരുവുനായകളെ കൊല്ലുന്നത് തടയാൻ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നായകളെ സംരക്ഷിക്കുന്ന സംഘടന സുപ്രീം കോടതിയെ സമീപിച്ചു.
ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഓള്‍ ക്രീചെര്‍സ് ആൻഡ് സ്മോള്‍ എന്ന സംഘടനയാണ് നായകളെ സംരക്ഷിക്കുന്നതിനു വേണ്ടി സുപ്രീം കോടതിയെ സമീപിച്ചത്. കേരളത്തില്‍ ബാക്കി ഉള്ളത് 6000 നായകള്‍ മാത്രമാണെന്നും, ബാക്കിയെല്ലാത്തിനേയും കൊന്നെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി പ്രകാരം പറയുന്നു.

കേരളത്തില്‍ നായകളെ കൊല്ലുന്നത് കലാപ സമാനമായ രീതിയുലൂടെയാണെന്നാണ് സംഘടന ആരോപിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ എ ബി സി ചട്ടങ്ങള്‍ നടപ്പാക്കാൻ തയ്യാറാകാത്ത ഭരണകൂടം മൗനം പാലിക്കുകയാണ്. ഈ സാഹചര്യത്തില്‍ നായകളുടെ സുരക്ഷ ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിക്ക് കര്‍ശന നിര്‍ദേശം നല്‍കണമെന്ന് സംഘടന സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തെരുവുനായകളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്ന് അഭിഭാഷകര്‍ ജൂണ്‍ 21ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുപ്രീം കോടതി അടിയന്തിരമായി ഇടപെടില്ലന്നു മനസിലായ സാഹചര്യത്തിലാണ് തെരുവ് നായകള്‍ക്കെതിരെ വ്യാപക അക്രമം കേരളത്തില്‍ അഴിച്ച്‌ വിട്ടതെന്ന് സംഘടന ആരോപിച്ചു.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ അപേക്ഷ ജൂലൈ 12 ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. ഇതേ ദിവസം മൃഗ സ്നേഹികളുടെ ആവശ്യവും പരിഗണിക്കും.