തെരി റീമേക്ക് ചെയ്യരുത്; പവൻകല്യാൺ ചിത്രത്തിനെതിരെ പ്രതിഷേധം
പവൻ കല്യാണിന്‍റെ പുതിയ ചിത്രത്തിനെതിരെ ആരാധകർ രംഗത്തെത്തി. വിജയ് നായകനായ തെരി എന്ന തമിഴ് ചിത്രത്തിന്‍റെ റീമേക്കാണ് ഹരീഷ് ശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രമെന്ന അഭ്യൂഹം പരന്നതാണ് താരത്തിന്റെ ആരാധകരെ ചൊടിപ്പിച്ചത്. റീമേക്ക് അല്ല, ഒറിജിനൽ സിനിമയാണ് വേണ്ടതെന്ന് പറഞ്ഞ് ആരാധകർ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുന്നുണ്ട്.
അടുത്തിടെ സംവിധായകൻ ഹരീഷ് ശങ്കർ തന്‍റെ പുതിയ ചിത്രത്തെക്കുറിച്ച് സൂചന നൽകിയിരുന്നു. നടൻ ബ്രഹ്മാനന്ദം അഭിനയിച്ച ഒരു തെലുങ്ക് ചിത്രത്തിലെ ഒരു രംഗം അദ്ദേഹം ട്വീറ്റ് ചെയ്തു. സ്ലോ മോഷനിൽ നടക്കുന്ന നടന്‍റെ പിന്നിൽ ഒരു കൂട്ടം ആളുകൾ പോലീസ് വേഷത്തിലുള്ള പവൻ കല്യാണിന്‍റെ ഒരു വലിയ കട്ടൗട്ടുമായി വരുന്നു. “ഒരു വലിയ സർപ്രൈസ് പിന്നാലെ വരുന്നു,” സംവിധായകൻ ഇതിനൊപ്പം എഴുതി. ഇതോടെയാണ് പുതിയ ചിത്രത്തിൽ പവൻ കല്യാൺ ഒരു പോലീസുകാരന്‍റെ വേഷം അവതരിപ്പിക്കുമെന്നും ഇത് തെരിയുടെ റീമേക്ക് ആകാമെന്നും വാർത്തകൾ പരന്നത്.
തൊട്ടുപിന്നാലെ സോഷ്യൽ മീഡിയയിലൂടെ ശക്തമായ പ്രതിഷേധവുമായി ആരാധകർ രംഗത്തെത്തി. തെരിയുടെ റീമേക്ക് ചെയ്യാൻ ഹരീഷിന് ആഗ്രഹമുണ്ടെങ്കിൽ അത് വേണ്ടെന്നാണ് ആരാധകർ പറയുന്നത്. ആറ് വർഷം മുമ്പ് പുറത്തിറങ്ങിയ ഈ ചിത്രം അതേ സമയം തെലുങ്കിലേക്ക് ഡബ്ബ് ചെയ്തു. ഒ.ടി.ടിയിലും ടിവിയിലും നിരവധി തവണ പ്രദർശിപ്പിച്ച ചിത്രം ഇനി റീമേക്ക് ചെയ്യേണ്ട ആവശ്യമില്ലെന്നും അവർ പറയുന്നു. റീമേക്ക് ചെയ്യാൻ തീരുമാനിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് സംവിധായകനു കത്തെഴുതിയ ആരാധകരുമുണ്ട്. നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സിനെയും കത്തിൽ പരാമർശിക്കുന്നുണ്ട്.