വന്ദനാ ദാസ് കൊലക്കേസ് പ്രതി സന്ദീപ് സമൂഹവിരുദ്ധ പ്രവൃത്തിചെയ്യാൻ പ്രവണതയുള്ളയാളാണെന്നു മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്.
വന്ദനാ ദാസ് കൊലക്കേസ് പ്രതി സന്ദീപ് സമൂഹവിരുദ്ധ പ്രവൃത്തിചെയ്യാൻ പ്രവണതയുള്ളയാളാ(ആന്റി സോഷ്യൽ ഡിസോർഡർ)ണെന്നു മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. മോഹൻ റോയ് ചെയർമാനായുള്ള മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് കൊട്ടാരക്കര കോടതിയിൽ സമർപ്പിച്ചു.
മൂന്നു കാര്യങ്ങളാണ് പ്രധാനമായും സന്ദീപിന്റെ മാനസികാരോഗ്യത്തെക്കുറിച്ചും മനോനിലയെക്കുറിച്ചും റിപ്പോർട്ടിലുള്ളതെന്നാണ് സൂചന. ഇയാളുടെ മുൻ രീതികൾകൂടി കണക്കാക്കുമ്പോൾ സമൂഹവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടാൻ പ്രവണതയുള്ള ആളാണ്. ഏതെങ്കിലും തരത്തിലുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന മാനസികവിഭ്രാന്തി ഇയാളിൽ ഉണ്ടാകാമെന്നും ലഹരി ഉപയോഗം നിർത്തുമ്പോൾ ഉണ്ടാകുന്നതുപോലെയുള്ള മാനസികചേഷ്ടകൾ പ്രകടിപ്പിക്കുന്നയാളാണ് സന്ദീപെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു