ദൃശ്യം 3 ന്റെ ഹിന്ദി പതിപ്പ് ഒരുങ്ങുന്നതും തന്റെ കഥയില്‍ തന്നെയാണെന്ന് സ്ഥിരീകരിച്ച് സംവിധായകന് ജീത്തു ജോസഫ്
ദൃശ്യം 3 ന്റെ ഹിന്ദി പതിപ്പ് ഒരുങ്ങുന്നതും തന്റെ കഥയില്‍ തന്നെയാണെന്ന് സ്ഥിരീകരിച്ച് സംവിധായകന് ജീത്തു ജോസഫ്. മൂന്ന് പതിപ്പും ഒരുമിച്ച് ഇറക്കാനുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു. മലയാളം വേർഷനിൽ നിന്ന് വ്യത്യസ്തമായി ഒരു പുതിയ കഥയുമായിട്ടാണ് ഹിന്ദി ദൃശ്യം 3 ഒരുങ്ങുന്നതെന്ന് നേരത്തെ ചില റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ തള്ളിയിരിക്കുകയാണ് ജീത്തു ജോസഫ്. മലയാളത്തിന്റെ അതേ പതിപ്പ് തന്നെയാണ് ഹിന്ദിയിൽ ഒരുങ്ങുന്നതെന്നും സ്ക്രിപ്റ്റ് പൂർത്തിയായാൽ ഉടൻ ബോളിവുഡ് നിർമാതാക്കൾക്ക് കൈമാറുമെന്നും ജീത്തു ജോസഫ് പറഞ്ഞു
ദൃശ്യം എന്റെ കഥയാണ്. അതിന്റെ റൈറ്റ്സ് മറ്റൊരാൾക്കും നല്‍കിയിട്ടില്ല, അതുകൊണ്ട് തന്നെ ബോളിവുഡ് പുതിയ വേർഷനാണ് ചെയ്യാൻ ഒരുങ്ങുന്നതെന്ന വാർത്ത തെറ്റാണ്. ബോളിവുഡ് പതിപ്പിന്റെ സംവിധായകൻ അഭിഷേക് പഥക് എന്നെ കാണാൻ കൊച്ചിയിൽ വന്നിരുന്നു. അവരും എന്റെ സ്ക്രിപ്റ്റിന് കാത്തിരിക്കുകയാണ്. ഞാൻ സ്ക്രിപ്റ്റ് എഴുതുന്നതെ ഉള്ളൂ. അത് എഴുതിക്കഴിഞ്ഞാൽ ഞാൻ ബോളിവുഡ് പതിപ്പിനും കൂടി കൈമാറും’, ജീത്തു ജോസഫ് പറഞ്ഞു
