സിനിമയ്ക്കും മുമ്പേ നടന്ന ‘ദൃശ്യം’ മോഡൽ കൊലപാതകം; വിനയായത് ജയിലിൽ നടത്തിയ രഹസ്യസംഭാഷണം 

വൈക്കം: ‘ദൃശ്യം’ മോഡൽ എന്ന് പിന്നീട് പറയുന്ന കൊലപാതകങ്ങൾ. ആളിനെ വകവരുത്തി മൃതദേഹം തെളിവില്ലാത്ത വിധം ഒളിപ്പിക്കുക. മറ്റ് അവശിഷ്ടങ്ങൾ എല്ലാം ഇല്ലാതാക്കുക. ദൃശ്യം സിനിമയ്ക്ക് മുമ്പ് തന്നെ തലയോലപ്പറമ്പിലാണ് ഇത്തരത്തിലുള്ള കൊലപാതകം നടന്നത്.

പണമിടപാടുകാരനായ തലയോലപ്പറമ്പ് കാലായിൽ മാത്യു (44) ആണ് കൊല്ലപ്പെട്ടത്. 2008 നവംബർ 25നാണ് അദ്ദേഹത്തെ കാണാതായത്. വൈകിട്ട് 4.30ന് വീട്ടിൽ നിന്നിറങ്ങിയ മാത്യുവിനെ പിന്നീട് കാണാതാവുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ തലയോലപ്പറമ്പ് പള്ളിക്കവലയ്ക്കടുത്തുള്ള സിനിമാ തിയേറ്ററിൽ മാത്യുവിന്‍റെ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. അന്വേഷണം തുടർന്നെങ്കിലും എങ്ങുമെത്തിയില്ല. പലരിൽ നിന്നും വാങ്ങിയ പണവുമായി ഇയാൾ ഒളിച്ചോടിയതായി അഭ്യൂഹങ്ങളുണ്ടായിരുന്നു.

എട്ട് വർഷത്തിന് ശേഷം ടി.വി.പുരം ചെട്ടിയാംവീട് അനീഷ് (38) കള്ളനോട്ട് കേസിൽ അറസ്റ്റിലായി. ജയിലിൽ വച്ച് സുഹൃത്തുമായി ഇയാൾ നടത്തിയ രഹസ്യ സംഭാഷണമാണ് പുറത്തുവന്നത്. മാത്യുവിന്‍റെ മരണത്തിൽ തനിക്കുള്ള പങ്കിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ഇയാളെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യുവിന്‍റെ മകൾ നൈസി മാത്യു തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകി.