തുര്‍ക്കിയില്‍ വൻ ഭൂചലനം, തീവ്രത 6.1; 35 പേര്‍ക്ക് പരിക്ക്
ഇസ്താംബുൾ: വടക്കുപടിഞ്ഞാറൻ തുർക്കിയിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 35 പേർക്ക് പരിക്കേറ്റു. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഇസ്താംബൂളിൽ നിന്ന് 170 കിലോമീറ്റർ കിഴക്കായാണ് ഭൂചലനം അനുഭവപ്പെട്ടത്. യുഎസ് ജിയോളജിക്കൽ സർവേ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയപ്പോൾ തുർക്കിയിൽ 5.9 തീവ്രത രേഖപ്പെടുത്തി.
ഡസ്സെ പ്രവിശ്യയിലെ ഗോൽയാക്ക ജില്ലയിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടർന്ന് സമീപത്തെ മറ്റ് നഗരങ്ങളിലും കുലുക്കം അനുഭവപ്പെട്ടു. അതിരാവിലെയുണ്ടായ ഭൂചലനത്തെ തുടർന്ന് ആളുകൾ വീടുകൾക്ക് പുറത്ത് തമ്പടിച്ചിരിക്കുകയാണ്.
ഭൂകമ്പത്തെ തുടര്‍ന്ന് ഡ്യൂസെയിൽ 32 പേർക്കും ഇസ്താംബൂളിൽ ഒരാൾക്കും സമീപ പ്രവിശ്യകളായ ബോലു, സോൻഗുൽഡാക്കിൽ മറ്റ് രണ്ട് പേർക്കുമടക്കം 35 പേർക്ക് പരിക്കേറ്റതായി ആരോഗ്യമന്ത്രി ഫഹ്രെറ്റിൻ കോക്ക ട്വീറ്റ് ചെയ്തു. 70 തുടർചലനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിരാവിലെ പുതപ്പിനുള്ളിൽ വീടിന് പുറത്ത് ഇരിക്കുന്നവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ശൈത്യകാലത്തിന്‍റെ തുടക്കമായതിനാൽ, പ്രദേശത്ത് തണുപ്പ് വർദ്ധിച്ചു വരികയാണ്. ഡസ്‌സെ, സക്കറിയ ഭാഗങ്ങളിൽ സ്‌കൂളുകൾക്ക് ബുധനാഴ്ച അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു
കനത്ത നാശനഷ്ടങ്ങളോ കെട്ടിട തകർച്ചയോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പരിശോധനകൾ തുടരുകയാണെന്ന് സോയ്‌ലു പറഞ്ഞു. തുർക്കി ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളിൽ ഒന്നാണ്. 1999ൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായ പ്രദേശങ്ങളിലൊന്നാണ് ഡസ്സെ. ദശാബ്ദങ്ങൾക്കിടെ തുർക്കിയിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണത്. ഇസ്താംബൂളിലെ 1,000 പേർ ഉൾപ്പെടെ 17,000 ത്തിലധികം പേർ അന്നത്തെ ഭൂകമ്പത്തിൽ മരിച്ചു.