മലയാള സിനിമാ നിര്‍മ്മാതാക്കളെ ചോദ്യം ചെയ്‌തേക്കും; ഇ ഡി നോട്ടീസ്‌

കൊച്ചി: സിനിമാ നിർമ്മാണത്തിന് വിനിയോഗിച്ച തുകയുടെ സ്രോതസ്സ് വെളിപ്പെടുത്താൻ തയാറാവാത്ത നിർമ്മാണ കമ്പനികൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി. മലയാളത്തിലെ നാല് മുൻനിര നിർമ്മാതാക്കൾക്കാണ് ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകിയത്. ആദായനികുതി വകുപ്പിന്റെ പരിശോധനകൾക്ക് ശേഷമാണ് ഇ ഡി നോട്ടിസ് നൽകിയത്. ഇവരിൽ നിർമ്മാതാവ് കൂടിയായ നടൻ 20 കോടി രൂപ പിഴയടച്ച് തുടർനടപടികൾ ഒഴിവാക്കി. ബാക്കി മൂന്ന് നിർമ്മാതാക്കളെയും അടുത്ത ദിവസങ്ങളിൽ ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കും. നോട്ടുനിരോധനത്തിന് ശേഷവും മലയാള സിനിമയിൽ വൻ തോതിൽ കള്ളപ്പണം വിനിയോഗിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നാണ് ആദായ നികുതി വകുപ്പും ഇ ഡിയും പരിശോധനകളും പ്രോസിക്യൂഷൻ നടപടികളും വേഗത്തിലാക്കുന്നത്. ഇന്ത്യയുടെ സിനിമാ വ്യവസായത്തിന്റെ വലുപ്പം നോക്കുമ്പോൾ അത്രവലിയ മാർക്കറ്റ് അല്ലാതിരുന്നിട്ട് കൂടി മലയാള സിനിമാ വ്യവസായത്തിൽ ഇത്രയധികം കള്ളപ്പണം ഇറക്കുന്നത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമമാണ് കേന്ദ്ര ഏജൻസികൾ നടത്തുന്നത്