Latestകേരളം

കാട്ടാനയെ തുരത്തുന്നതിനിടെ പടക്കം പൊട്ടി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് പരിക്ക്

എടക്കര: കാട്ടാനയെ തുരത്തുന്നതിനിടെ പടക്കം പൊട്ടി ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്. നിലന്പൂർ നോർത്ത് ഡിവിഷനിലെ നിലന്പൂർ റേഞ്ചില്‍ വള്ളുവശേരി സെക്ഷനിലെ ബിഎഫ്‌ഒ ഹരികൃഷ്ണനാണ് (33) പരിക്കേറ്റത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.

പൂച്ചക്കുത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ വനത്തിലേക്ക് തിരിച്ചയയ്ക്കാൻ ശ്രമിക്കുന്നതിനിടെ കൈവശമിരുന്ന പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. ഹരികൃഷ്ണന്റെ കൈയ്ക്കാണ് പരിക്ക്.

ഉടൻ ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാട്ടാനശല്യം രൂക്ഷമായ ഈ മേഖലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥർ മതിയായ സുരക്ഷാ സംവിധാനങ്ങളോ ആധുനിക ഉപകരണങ്ങളോ ഇല്ലാതെയാണ് ജോലി ചെയ്യുന്നത്.