ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബർ 9ന്
ദില്ലി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. സെപ്റ്റംബർ 9നാണ് വോട്ടെടുപ്പ് നടക്കുക. അന്ന് തന്നെ ഫലം പ്രഖ്യാപിക്കും. രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് 5 മണിവരെയാണ് തെരഞ്ഞെടുപ്പ്. അടുത്ത വ്യാഴാഴ്ച വിജ്ഞാപനം നിലവില്‍ വരും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 21 ആണ്. 22ന് സൂക്ഷ്മ പരിശോധന നടക്കും.
പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇരുപത്തിയഞ്ചാണ്.ജൂലൈ 21നായിരുന്നു ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ധൻകറിൻ്റെ രാജി. ‘ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) പ്രകാരം ഞാൻ രാജിവെക്കുന്നു. ഇതുവരെ നൽകിയ പിന്തുണയ്ക്ക് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഴുവൻ പാർലമെന്റംഗങ്ങൾക്കും നന്ദി പറയുന്നു. ആരോഗ്യം അനുവദിക്കാത്തതിനാൽ മാറിനിൽക്കുന്നു’ എന്നായിരുന്നു രാഷ്ട്രപതി ദ്രൗപതി മുർമുവിനയച്ച രാജി കത്തിൽ ധൻകർ വ്യക്തമാക്കിയിരുന്നത്.
