ഓര്‍ഡര്‍ സോഫ്റ്റ് വെയര്‍:എല്ലാ ഓഫീസുകളും22നകം ജീവനക്കാരുടെ വിവരം രജിസ്റ്റര്‍ ചെയ്യണം

കണ്ണൂർ:-ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുള്ള ‘ഓര്‍ഡര്‍’ സോഫ്റ്റ് വെയര്‍ സജ്ജമായി. തദ്ദേശസ്ഥാപനങ്ങള്‍ വഴിയാണ് ഇതില്‍ ജീവനക്കാരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത്. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ / അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുമേഖല സ്ഥാപനങ്ങളും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സഹായത്തോടെ സോഫ്റ്റ് വെയറില്‍ രജിസ്റ്റര്‍ ചെയ്യണം. സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാരുടെയും വിവരങ്ങള്‍ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തി സ്ഥാപന മേധാവികള്‍ മാര്‍ച്ച് 22നകം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സമര്‍പ്പിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ വിവരങ്ങളുടെ സാക്ഷ്യപത്രം സഹിതം മാര്‍ച്ച് 23നകം സമര്‍പ്പിക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. സോഫ്റ്റ് വെയര്‍ അഡ്രസ്: www.order.ceo.kerala.gov.in
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിയമന പ്രക്രിയ എളുപ്പമാക്കുന്നതിനായാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ‘ഓര്‍ഡര്‍’ സോഫ്റ്റ് വെയര്‍ സജ്ജീകരിച്ചിട്ടുള്ളത്. സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നോഡല്‍ ഓഫീസര്‍മാരെയും ഇതിനകം നിയോഗിച്ചിട്ടുണ്ട്.