തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പൂര്‍ണമായും വിലക്കാനാകില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: എന്താണ് തിരഞ്ഞെടുപ്പ് സൗജന്യങ്ങൾ എന്ന് നിർവചിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ. സൗജന്യ വിദ്യാഭ്യാസം, കുടിവെള്ളം, വൈദ്യുതി എന്നിവ തിരഞ്ഞെടുപ്പ് സൗജന്യമായി കണക്കാക്കാൻ കഴിയുമോയെന്ന് കോടതി ചോദിച്ചു. അതേസമയം, തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങൾ പൂർണമായും നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
തിരഞ്ഞെടുപ്പ് സൗജന്യങ്ങളെക്കുറിച്ചുള്ള ചർച്ച സങ്കീർണ്ണമാവുകയാണ്. പൊതുപണം പാഴായിപ്പോകുകയാണെന്ന് ചിലർ പറയുന്നു. എന്നാൽ ഇത് ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണെന്ന് മറ്റുള്ളവർ പറയുന്നു. ക്ഷേമപദ്ധതികളുടെ പേരിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ നൽകാനാകുമോ? വിഷയത്തിൽ വിശദമായ ചർച്ചയും സംവാദവും വേണമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു.
അതേസമയം, തിരഞ്ഞെടുപ്പ് വാഗ്ദാനമായി സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നതിനെ കേന്ദ്ര സർക്കാർ വീണ്ടും സുപ്രീം കോടതിയിൽ എതിർത്തു. കേസ് തിങ്കളാഴ്ച പരിഗണിക്കാനായി സുപ്രീം കോടതി മാറ്റിവെച്ചു.