Latestകേരളം

വൈദ്യുത വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍; കെഎസ്‌ഇബി പിന്മാറുന്നു

കേരള പൊതു ചാർജിങ് സ്റ്റേഷനുകള്‍ നേരിട്ട് സ്ഥാപിക്കുന്ന പദ്ധതിയില്‍ നിന്ന് പിന്മാറുന്നു.കേന്ദ്ര സബ്‌സിഡി മാനദണ്ഡങ്ങളില്‍ വന്ന അപ്രതീക്ഷിത മാറ്റമാണ് കെഎസ്‌ഇബിയുടെ ഈ പിന്മാറ്റത്തിന് പിന്നില്‍. പകരം സ്വകാര്യ ഏജൻസികളെ പങ്കെടുപ്പിച്ച്‌ പദ്ധതി നടപ്പിലാക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്.

കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയത്തിന്റെ പുതിയ നിബന്ധനകള്‍ കെഎസ്‌ഇബിക്ക് വലിയ സാമ്പത്തിക ബാധ്യതയാകുമെന്നതാണ് പ്രധാന കാരണം. സബ്‌സിഡിയിലെ കത്രിക, നേരത്തെ ചാർജിങ് സ്റ്റേഷനുകള്‍ക്ക് 100% സബ്‌സിഡി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നിടത്ത്, നിലവില്‍ മുനിസിപ്പല്‍ പാർക്കിംഗുകള്‍ക്കും കെഎസ്‌ഇബി ഓഫീസുകള്‍ക്കും 70-80% സബ്‌സിഡി മാത്രമേ ലഭിക്കൂ.

പദ്ധതി ചെലവിന്റെ 30 മുതല്‍ 50 ശതമാനം വരെ കെഎസ്‌ഇബി സ്വന്തം കയ്യില്‍ നിന്ന് കണ്ടെത്തേണ്ടി വരും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബോർഡിന് ഇത് താങ്ങാനാവില്ലെന്ന് കണ്ടെത്തിയതോടെയാണ് നേരിട്ടുള്ള നിർമ്മാണത്തില്‍ നിന്ന് പിന്മാറിയത്. നേരിട്ട് സ്റ്റേഷൻ സ്ഥാപിക്കുന്നില്ലെങ്കിലും പദ്ധതിയുടെ നോഡല്‍ ഏജൻസിയായി കെഎസ്‌ഇബി തുടരും.

ഇനി നടപ്പിലാക്കാൻ പോകുന്ന പുതിയ രീതി ഇതാണ്

സ്വകാര്യ ഏജൻസികള്‍ സ്വന്തം പണം മുടക്കി ചാർജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. കെഎസ്‌ഇബിയുടെയും മറ്റ് സർക്കാർ സ്ഥാപനങ്ങളുടെയും ഭൂമി സ്റ്റേഷൻ സ്ഥാപിക്കാൻ വിട്ടുനല്‍കും. പകരം ലാഭത്തിന്റെ ഒരു നിശ്ചിത വിഹിതം സർക്കാരിന് ലഭിക്കും. ഗതാഗതത്തിരക്കും ലാഭസാധ്യതയും കണക്കിലെടുത്ത് 276 കേന്ദ്രങ്ങളില്‍ പുതിയ പഠനം നടത്തി കെഎസ്‌ഇബി കേന്ദ്രത്തിന് അപേക്ഷ നല്‍കും.

കെഎസ്‌ഇബിയുടെ പിന്മാറ്റം ഒരുപക്ഷേ ചാർജിങ് സൗകര്യങ്ങള്‍ വർദ്ധിക്കാൻ കാരണമായേക്കാം എന്നാണ് വിദഗ്ദ്ധർ പറയുന്നത്. ബിഎസ്‌എൻഎല്‍, കെഎസ്‌ആർടിസി, കെല്‍ട്രോണ്‍ എന്നിവയുടെ സ്ഥലങ്ങള്‍ കൂടി പ്രയോജനപ്പെടുത്തുന്നതോടെ കൂടുതല്‍ ഇടങ്ങളില്‍ ചാർജിങ് പോയിന്റുകള്‍ എത്തും