ആനയെമയക്കുവെടി വയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും
വയനാട്: വയനാട് മാനന്തവാടിയിൽ കർഷകനെ കൊലപ്പെടുത്തിയ ആനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. ആനയെ ട്രാക്ക് ചെയ്യാനുള്ള സംഘം പുലർച്ചെ വനത്തിലേക്ക് തിരിച്ചു . റേഡിയോ കോളർ സിഗ്നൽ ലഭിക്കുന്നതിന് അനുസരിച്ച് മയക്കുവെടി വെക്കാനുള്ള ആര്‍ആര്‍ടി – വെറ്റിനറി സംഘങ്ങളും കാടുകയറും. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ ഇന്നലെ രാത്രി 65 ഓളം ഉദ്യോഗസ്ഥർ പ്രദേശത്ത് ക്യാമ്പിംഗ് നടത്തിയിരുന്നു. ഇന്നലെ രണ്ടു തവണ ആനയുടെ അടുത്ത് വനം വകുപ്പ് സംഘം എത്തിയിരുന്നെങ്കിലും പ്രതികൂല സാഹചര്യങ്ങളാൽ വെടിവക്കാനായിരുന്നില്ല. അതേസമയം ഇന്ന് വയനാട്ടിലെ ഏതാനും കർഷക സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹർത്താലിന് കർഷക കോൺഗ്രസും പിന്തുണ നൽകിയിട്ടുണ്ട്.അതേസമയം ഇടുക്കി മൂന്നാർ ടൗണിൽ ഒറ്റക്കൊമ്പൻ എന്നു വിളിപ്പേരുള്ള കാട്ടാന ഇറങ്ങി. ഇന്നലെ വൈകിട്ട് എട്ടരയോടെയാണ് മൂന്നാർ എസ്.ബി.ഐ ബാങ്കിന് സമീപം ആന എത്തിയത്. ചായ കുടിക്കാനെത്തിയ വിനോദ സഞ്ചാരികളാണ് ആനയെ കണ്ടത്. നാട്ടുകാർ ബഹളം വച്ചതോടെ പിന്തിരിഞ്ഞോടിയ ആന സമീപത്ത് നിർത്തിയിട്ടിരുന്ന കാർ ആക്രമിച്ചു. തുടർന്ന് വനം വകുപ്പ് വാച്ചർമാരെത്തി ആനയെ ഉൾവനത്തിലേക്ക് തുരത്തി. മാങ്കുളം മേഖലയിൽ നിന്ന് രണ്ടുമാസം മുമ്പാണ് ഒറ്റക്കൊമ്പൻ മൂന്നാറിൽ എത്തിയത്. മൂന്നാറിലെ ജനവാസ മേഖലയിൽ പതിവായെത്തുന്ന പടയപ്പക്ക് പിന്നാലെ ഒറ്റക്കൊമ്പനുമെത്തിയത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.