സംസ്ഥാന എൻജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു: ഒന്നാം റാങ്ക് കണ്ണൂർ സ്വദേശിക്ക്

ഈ വർഷത്തെ സംസ്ഥാന എൻജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വാർത്താ സമ്മേളനത്തിൽ മന്ത്രി ആർ. ബിന്ദുവാണ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്. കണ്ണൂർ സ്വദേശി സഞ്ജയ് പി.മല്ലാറിനാണ് ഒന്നാം റാങ്ക് (സ്കോർ – 583). രണ്ടാം റാങ്ക് കോട്ടയം സ്വദേശി ആഷിഖ് സ്റ്റെന്നിക്ക് (സ്കോർ 575). കോട്ടയം സ്വദേശി ഫ്രഡി ജോർജ് റോബിനാണ് മൂന്നാം റാങ്ക് (572).

എസി വിഭാഗത്തിൽ പത്തനംതിട്ട സ്വദേശി എസ്.ജെ. ചേതന ഒന്നാം റാങ്ക് നേടി (441). കോഴിക്കോട് സ്വദേശി സൂര്യദേവ് വിനോദിനാണ് രണ്ടാം റാങ്ക് (437). എസ്ടി വിഭാഗത്തിൽ എറണാകുളം സ്വദേശി ഏദൻ വിനു ജോൺ ഒന്നാം റാങ്ക് നേടി (387). പാലക്കാട് സ്വദേശി എസ്. അനഘ രണ്ടാം റാങ്ക് നേടി (364). വിദ്യാർഥികൾക്കു മന്ത്രി അഭിനന്ദനങ്ങൾ നേർന്നു.

49671 പേരാണ് ഇത്തവണത്തെ റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്. ഇതിൽ 24325 പേർ പെൺകുട്ടികളും 25346 പേർ ആൺകുട്ടികളുമാണ്. സംസ്ഥാന ഹയർസെക്കൻഡറി സിലബസിൽ നിന്നും 2043 പേരും സിബിഎസ്ഇയിൽ നിന്നും 2790 പേരുമാണ് ആദ്യ അയ്യായിരം റാങ്കുകളിൽ യോഗ്യത നേടിയത്.

2023-24 അധ്യയന വർഷത്തെ സംസ്ഥാന എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ മേയ് 17നാണു നടന്നത്. മൂല്യനിർണയത്തിനു ശേഷം പ്രവേശന പരീക്ഷയുടെ സ്കോർ മേയ് 31നു പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യതാ പരീക്ഷയുടെ മാർക്കുകൾ കൂടി സമീകരിച്ചു കൊണ്ടുള്ള എൻജിനീയറിങ് റാങ്ക് ലിസ്റ്റാണ് പ്രസിദ്ധപ്പെടുത്തിയത്.

.