രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍; ആദ്യഘട്ടം ആരംഭിച്ചു

ന്യൂഡല്‍ഹി: ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്നോളജിയെ അടിസ്ഥാനമാക്കി രാജ്യത്തെ വിമാനത്താവളങ്ങളിൽ ‘ഡിജി യാത്ര’ എന്ന പേരിൽ പുതിയ സംവിധാനം ആരംഭിച്ചു. ഇത് ചെക്ക്പോസ്റ്റുകളിൽ പേപ്പർ ഇല്ലാതെയും ബുദ്ധിമുട്ടില്ലാതെയും യാത്രക്കാരുടെ തിരിച്ചറിയല്‍ പരിശോധന നടത്താൻ പ്രാപ്തമാക്കും. ഫേഷ്യൽ റെക്കഗ്‌നിഷൻ ടെക്നോളജി ഉപയോഗിച്ച് വ്യക്തികളുടെ മുഖങ്ങൾ പരിശോധിക്കും. ഇത് ബോർഡിംഗ് പാസുമായി ബന്ധിപ്പിച്ചിട്ടുണ്ടാവും. ആദ്യ ഘട്ടമെന്ന നിലയിൽ ഡൽഹി, ബെംഗളൂരു, വാരണാസി എന്നീ മൂന്ന് വിമാനത്താവളങ്ങളിൽ ആഭ്യന്തര യാത്രക്കാർക്ക് മാത്രമായി ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

2023 മാർച്ചോടെ ഹൈദരാബാദ്, കൊൽക്കത്ത, പുണെ, വിജയവാഡ എന്നിവിടങ്ങളിൽ ആഭ്യന്തര യാത്രക്കാർക്കായി ഡിജി യാത്ര ആരംഭിക്കും. ക്രമേണ ഇത് മറ്റ് വിമാനത്താവളങ്ങളിലേക്കും എത്തിക്കും.

പുതിയ സംവിധാനത്തിലേക്ക് മാറുമ്പോള്‍ ആധാര്‍ വെരിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ ഡിജി യാത്ര ആപ്പില്‍ യാത്രികര്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണിലെ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം ഉപയോഗിച്ച് സ്വന്തം ചിത്രം പകര്‍ത്തിയാണ് ഈ വണ്‍ ടൈം രജിസ്ട്രേഷന്‍. അതേസമയം ഇങ്ങനെ ശേഖരിക്കുന്ന ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ഡാറ്റ പുറത്തുള്ള സെര്‍വറുകളിലേക്ക് മാറ്റില്ല പകരം ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന സ്മാര്‍ട്ഫോണില്‍ തന്നെയാണ് സൂക്ഷിക്കുക.