ബഹുദൂരം അതിവേഗം; ഭാരത് ജോഡോ യാത്ര കേരളത്തിൽ താണ്ടിയത് 25 കിലോമീറ്റർ

തിരുവനന്തപുരം: കേരളത്തിലെ ഭാരത് ജോഡോ യാത്രയുടെ ആദ്യ ദിവസം രാഹുൽ ഗാന്ധിയും സംഘവും പാറശ്ശാലയിൽ നിന്ന് നേമം വരെ നടന്നത് 25 കിലോമീറ്റർ. ദേശീയ പാതയിലൂടെ രാഹുൽ ഗാന്ധി വേഗത്തിൽ നടന്നപ്പോൾ നേതാക്കളും പ്രവർത്തകരും അദ്ദേഹത്തിന് ഒപ്പമെത്താൻ ബുദ്ധിമുട്ടി. കാത്തുനിന്നവരെ കൈവീശിക്കാണിച്ച് പ്രവർത്തകരുടെ അടുത്തേക്കെത്തി അഭിവാദ്യം ചെയ്തായിരുന്നു യാത്ര.

നേതാക്കളിൽ പലരും കുറച്ച് ദൂരം സഞ്ചരിച്ച് വിശ്രമത്തിന് ശേഷമാണ് വീണ്ടും യാത്ര ആരംഭിച്ചത്. കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, കെ. മുരളീധരന്‍ എന്നിവരാണ് മുഴുവന്‍ ദൂരവും രാഹുലിനൊപ്പം യാത്ര പൂര്‍ത്തിയാക്കിയ പ്രധാന നേതാക്കള്‍. ഭാരത് ജോഡോ നാല് ദിവസം കൊണ്ട് 84 കിലോമീറ്റർ ദൂരം താണ്ടി. ചാണ്ടി ഉമ്മൻ, മഞ്ജുക്കുട്ടൻ, എം.എ സലാം, ഡി. ഗീതാകൃഷ്ണൻ, അനിൽ ബോസ്, പി.വി.ഫാത്തിമ, ഷീബ രാമചന്ദ്രൻ, നബീൽ കല്ലമ്പലം, കെ.ടി.ബെന്നി തുടങ്ങി കേരളത്തിൽനിന്നുള്ള ഒമ്പതുപേർ പദയാത്രയിലെ സ്ഥിരാംഗങ്ങളാണ്.