കര്‍ഷകർ ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് തടഞ്ഞു; പ്രതിഷേധം ശക്തമാക്കും

ഡൽഹി: കർഷക മഹാപഞ്ചായത്തിൽ പങ്കെടുക്കാനെത്തിയ നിരവധി പേരെ ഡൽഹിയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞതായി ഭാരത് കിസാന്‍ യൂണിയന്‍ ആരോപിച്ചു. ഡൽഹി അതിർത്തിയിൽ കർഷകരെ തടഞ്ഞിട്ടുണ്ടെന്നും നിരവധി കർഷകർ കസ്റ്റഡിയിലാണെന്നും ബികെയു നേതാവ് ജഗ്ജീത് സിംഗ് ദല്ലേവാള്‍ പറഞ്ഞു.

‘കര്‍ണാല്‍ ബൈപാസില്‍ വാഹനങ്ങള്‍ തടഞ്ഞു. ഞങ്ങള്‍ ഇത് സമാധാനപരമായാണ് ചെയ്യുന്നത്. ഞങ്ങളുടെ പരിപാടി ഒരു ദിവസത്തേക്കുള്ളതാണ്. ദൂരെ നിന്ന് ആളുകള്‍ വന്നിട്ടുണ്ട്, അവരെ ഒത്തുകൂടാന്‍ അനുവദിക്കണം. വാഹനങ്ങള്‍ പോകാന്‍ അനുവദിക്കണമെന്നാണ് ഞങ്ങളുടെ അഭ്യര്‍ത്ഥന,’ ജഗ്ജീത് സിംഗ് ദല്ലേവാള്‍ പറഞ്ഞു.

അതേസമയം, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ഭാരത് കിസാന്‍ യൂണിയന്‍ മുന്നറിയിപ്പ് നൽകി. സുരക്ഷാ കാരണങ്ങളാൽ ചില പ്രതിഷേധക്കാരെ ഗാസിപൂർ അതിർത്തിയിൽ തടഞ്ഞതായി ഡിസിപി പ്രിയങ്ക കശ്യപ് പറഞ്ഞു. എന്നിരുന്നാലും, കൃത്യമായ പരിശോധനകൾക്ക് ശേഷം, എല്ലാവർക്കും അവരവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാൻ അനുമതി നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.