Latestദേശീയം

വധുവിന്റെ പ്രിയപ്പെട്ട നായയെ വരൻറെ വീട്ടുകാർ തല്ലി,വിവാഹം മുടങ്ങി

യു പിയില്‍ വധുവിൻറെ വളർത്തുനായയുടെ ഒറ്റ കുരയില്‍ കല്യാണം തന്നെ മുടങ്ങി. വധുവിന്റെ പ്രിയപ്പെട്ട നായയെ വരൻറെ വീട്ടുകാർ തല്ലിയതിനെ തുടർന്നാണ് വിവാഹം മുടങ്ങിയത്.

ഫത്തേപ്പൂർ ജില്ലയിലെ ഖാഗ കോട്‌വാലി പ്രദേശത്തെ ഒരു ഗെസ്റ്റ്ഹൗസിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. വധുവും വരുനും തമ്മില്‍ ദീർഘകാലമായി പ്രണയത്തിലായിരുന്നു. കാണ്‍പൂരിലെ ആര്യസമാജ ചടങ്ങില്‍ വിവാഹം കഴിക്കാനായി മുമ്പ് ഒളിച്ചോടുകയും ചെയ്തു. പിന്നാലെ വിവാഹത്തിന് വധുവിന്റെ കുടുംബം സമ്മതിച്ചതോടെ ഔപചാരികമായി നടത്താൻ തീരുമാനിച്ചു.

ബുധനാഴ്ച പുലർച്ചെ വിവാഹചടങ്ങുകള്‍ നടന്നുക്കൊണ്ടിരിക്കുന്നതിനിടെ, വേദിക്ക് സമീപം വധുവിൻറെ വളർത്തുനായ ബഹളം വെച്ചു. ഇത് കണ്ട് പ്രകോപിതനായ വരൻറെ ബന്ധുവായ യുവാവ് നായയെ ക്രൂരമായി അടിച്ചു. വധുവിൻറെ ബന്ധുക്കള്‍ ഇത് എതിർക്കുകയും വൈകാതെ വളർത്തുനായയെ ചൊല്ലിയുളള തർക്കം രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ശാരീരികവും അക്രമാസക്തവുമായ സംഘർഷത്തിലേക്ക് നയിക്കുകയുമായിരുന്നു. വടിയും കസേരകളും ഉപയോഗിച്ചായിരുന്നു ആക്രമണം.

ഇതിനിടെ വധുവിൻറെ ബന്ധുക്കളില്‍ ചിലർക്ക് തലയ്ക്ക് പരുക്കേറ്റു. വിവരം അറിഞ്ഞെത്തിയ പോലീസ് വിവാഹചടങ്ങുകള്‍ നിർത്തിവെച്ചു. പരുക്കേറ്റവർക്ക് പ്രാഥമിക ചികിത്സയും നല്‍കി തിരികെ വീട്ടിലേക്കയച്ചു. തുടർന്ന് വ്യാഴാഴ്ച രണ്ട് കുടുംബങ്ങളും പോലീസ് സ്റ്റേഷനില്‍ എത്തിച്ചേരുകയും ചർച്ചകള്‍ക്കെടുവില്‍ വിവാഹവുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്നു വധു വ്യക്തമാക്കുകയുമായിരുന്നു. വിവാഹ ചടങ്ങുകളില്‍ നല്‍കിയ സമ്മാനങ്ങളും പണവും തിരികെ നല്‍കി. അതേസമയം ആരും പരാതി നല്‍കാത്തതിനാല്‍ നിയമനടപടി സ്വീകരിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.