ഫിഫയെ തെറ്റിദ്ധരിപ്പിച്ചു; പ്രഫുലിനെ വിലക്കണമെന്ന് പ്രത്യേക ഭരണസമിതി

ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ മുൻ പ്രസിഡന്റ്റ് പ്രഫുൽ പട്ടേലിനെതിരെ പ്രത്യേക ഭരണസമിതി കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുന്നു. കോടതി നിയോഗിച്ച പ്രത്യേക ഭരണസമിതിയുടെ പ്രവർത്തനത്തിൽ അനാവശ്യമായി ഇടപെടുകയാണെന്നും ഫിഫ നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ചാണ് സമിതി സുപ്രീം കോടതിയെ സമീപിച്ചത്.

എ.ഐ.എഫ്.എഫ് ഭരണത്തിൽ പുറത്തുനിന്നുള്ളവരുടെ പങ്കാളിത്തം വിലയിരുത്തിയ ഫിഫ, വിലക്കു ഭീഷണിയുമായി ഏതാനും ദിവസം മുൻപു കത്തയച്ചിരുന്നു. ഫിഫ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചതിന് പിന്നിൽ പ്രഫുൽ പട്ടേലാണെന്ന് കണ്ടെത്തിയ ഭരണസമിതി ഇത്തരം ഇടപെടലുകളെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്.

രാജ്യസഭാംഗം കൂടിയായ പ്രഫുൽ പട്ടേലിനെ ഫുട്ബോൾ ഭരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ചില സംസ്ഥാന അസോസിയേഷൻ ഭാരവാഹികൾക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.