ഫിഫ ലോകകപ്പ്; സ്പെയിനിനെ തകർത്ത് ജപ്പാൻ, ജർമ്മനി പുറത്ത്
ഖത്തർ: ഖത്തർ ലോകകപ്പിന്‍റെ പ്രീക്വാർട്ടറിലേക്ക് ജപ്പാൻ യോഗ്യത നേടി. ഗ്രൂപ്പ് ഇ പോരാട്ടത്തിൽ യൂറോപ്യൻ വമ്പന്മാരായ സ്പെയിനിനെ പരാജയപ്പെടുത്തിയാണ് ജപ്പാൻ നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. ജപ്പാനോട് തോറ്റെങ്കിലും സ്പെയിനും നോക്കൗട്ട് ഉറപ്പിച്ചു. ഇതോടെ മുൻ ചാമ്പ്യന്മാരായ ജർമ്മനി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി.
ആരും സാധ്യത കൽപ്പിക്കാതിരുന്ന മത്സരത്തിൽ തിരിച്ചടിച്ച് ജയിച്ചാണ് ജപ്പാൻ ലോകത്തെ ഞെട്ടിച്ചത്. ആദ്യ പകുതിയിൽ സ്പെയിൻ മുന്നിട്ട് നിന്ന മത്സരത്തിൽ, രണ്ടാം പകുതി ആരംഭിച്ച് ആറ് മിനിറ്റിനുള്ളിൽ ജപ്പാൻ രണ്ട് ഗോളുകൾ നേടിയതോടെ കളി മാറി. ജപ്പാന് വേണ്ടി റിസ്റ്റു ഡോൻ, ഓ തനാക്ക എന്നിവരാണ് ഗോളുകൾ നേടിയത്. ഈ ലീഡ് അവസാനം വരെ നിലനിർത്തിയതോടെ ജപ്പാൻ ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ടിലേക്ക് മുന്നേറി.
മറ്റൊരു മത്സരത്തിൽ ജർമ്മനി 4-2ന് കോസ്റ്റാറിക്കയെ തോൽപ്പിച്ചെങ്കിലും പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ പുറത്തായി. ജർമ്മനിക്കായി കായ് ഹാവർട്സ് രണ്ട് ഗോളുകൾ നേടി. സെർജി ഗ്നാബ്രി, നിക്കോളാസ് ഫുൾക്രുജ് എന്നിവരും ജർമ്മനിക്കായി സ്കോർ ചെയ്തു. കോസ്റ്റാറിക്കയുടെ ഗോളുകൾ നേടിയത് യെൽസ്റ്റിൻ ടജേഡ, ജുവാൻ വാർഗാസ് എന്നിവരാണ്. ജർമ്മനിക്കും സ്പെയിനിനും 4 പോയിന്‍റ് വീതമുണ്ടായിരുന്നെങ്കിലും ഗോൾ വ്യത്യാസമാണ് സ്പെയിനിനെ തുണച്ചത്.