ഗാസയിൽ അധികാര തർക്കം; ഹമാസും ഡർമഷ് വിഭാഗക്കാരും തമ്മിൽ ഏറ്റുമുട്ടൽ, 27 പേർ കൊല്ലപ്പെട്ടു
ഗാസ സിറ്റി: ഗാസയിൽ അധികാര തർക്കത്തെ ചൊല്ലിയുണ്ടായ ആഭ്യന്തര സംഘർഷത്തിൽ 27 പേർ കൊല്ലപ്പെട്ടു. ഹമാസിന്റെ സായുധസേനയും ഡർമഷ് വിഭാഗക്കാരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ശനിയാഴ്ച ആരംഭിച്ച പോരാട്ടത്തിൽ ഇതുവരെ 19 ഡർമഷ് വംശജരും എട്ട് ഹമാസ് പോരാളികളുമാണ് കൊല്ലപ്പെട്ടത്. ഗാസയിലെ ജോർദാനി ആശുപത്രിക്കടുത്ത് കനത്ത ഏറ്റുമുട്ടലുണ്ടായതിനെ തുടർന്ന് നിരവധി പ്രദേശിവാസികൾ പലായനം ചെയ്തതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മേഖലയിൽ കനത്ത വെടിവയ്പ്പ് നടന്നതായും റിപ്പോർട്ടുണ്ട്.ഗാസയിലുടനീളം ഹമാസ് സായുധ യൂണിറ്റുകൾ വിന്യസിച്ചു.
അതേസമയം ഗാസയിൽ സമാധാന കരാർ ഒപ്പുവെക്കുന്ന ചടങ്ങിൽ ഹമാസ് പങ്കെടുക്കില്ലെന്നാണ് സൂചന. ഈജിപ്തിൽ നടക്കുന്ന ചടങ്ങിൽ നിന്ന് ഹമാസ് വിട്ടു നിൽക്കുമെന്ന് പൊളിറ്റിക്കൽ ബ്യൂറോ അംഗം ഹൊസാം ബദ്രാൻ പറഞ്ഞു. വാർത്താ ഏജൻസിയായ എഎഫ്‌പിക്ക് നൽകിയ അഭിമുഖത്തിലാണ് ബദ്രാൻ നിലപാട് വ്യക്തമാക്കിയത്.
ഗാസയിൽ നിയന്ത്രണം പുനഃസ്ഥാപിക്കാനാണ് ഹമാസ് നീക്കം. 7,000 സായുധ സേനാംഗങ്ങളെ ഹമാസ് തിരിച്ചുവിളിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേഖലയിൽ സൈനിക പശ്ചാത്തലമുള്ള അഞ്ച് പുതിയ ഗവർണർമാരെയും ഹമാസ് നിയമിച്ചിട്ടുണ്ടെന്നാണ് വിവരം. ഗാസയിലെ പുതിയ ഹമാസ് ചിത്രങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. യുദ്ധം അവസാനിച്ചാൽ ഗാസ ആര് ഭരിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഹമാസിന്റെ നീക്കം.
