കേരളത്തില്‍ സമുദ്രമത്സ്യ ലഭ്യത കുറഞ്ഞതായി റിപ്പോർട്ട്
കൊച്ചി: കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളില്‍ നിന്ന് പിടിച്ചത് 34.7 ലക്ഷം ടണ്‍ മത്സ്യം. മുൻ വർഷത്തെക്കാള്‍ ഇന്ത്യയിലാകെ രണ്ട് ശതമാനവും കേരളത്തില്‍ നാല് ശതമാനവും സമുദ്രമത്സ്യ ലഭ്യത കുറഞ്ഞതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്‌ആർഐ) വാർഷിക പഠന റിപ്പോർട്ട്.കേരളം 6.10 ലക്ഷം ടണ്ണുമായി സമുദ്രമത്സ്യ ലഭ്യതയില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. 7.54 ലക്ഷണ്‍ ടണ്‍ മീന്‍ പിടിച്ച ഗുജറാത്തിനാണ് ഒന്നാം സ്ഥാനം. തമിഴ്‌നാടിനാണ് (6.79 ലക്ഷം ടണ്‍) രണ്ടാം സ്ഥാനം.
ദേശീയ തലത്തില്‍ കുറഞ്ഞെങ്കിലും കേരളത്തില്‍ മത്തിയുടെ ലഭ്യത 7.9 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ തവണ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലഭിച്ച മത്സ്യവും മത്തിയാണ് -1.49 ലക്ഷം ടണ്‍. എന്നാല്‍, രാജ്യത്താകെ ഏറ്റവും കൂടുതല്‍ ലഭിച്ചത് അയലയാണ് -2.63 ലക്ഷം ടണ്‍.
മത്തി കഴിഞ്ഞാല്‍, അയല (61,490 ടണ്‍), ചെമ്മീന്‍ (44,630 ടണ്‍), കൊഴുവ (44,440 ടണ്‍), കിളിമീന്‍ (33,890 ടണ്‍) എന്നിങ്ങനെയാണ് കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ലഭിച്ച മത്സ്യയിനങ്ങള്‍.
