ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ,
വിമാനയാത്രക്കിടെ കോക്പിറ്റിന്റെ വാതില്‍ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ. ബംഗളൂരുവില്‍ നിന്ന് വാരാണസിയിലേയ്ക്ക് പോവുകയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഫ്ളൈറ്റ് IX-1086ല്‍ ആണ് സംഭവം നടന്നത്.രാവിലെ എട്ടുമണിക്കാണ് ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നുയർന്നത്. യാത്രക്കിടെ ഒരാള്‍ കോക്പിറ്റിന്റെ സമീപമെത്തി വാതില്‍ തുറക്കാൻ ശ്രമിക്കുകയായിരുന്നു.
കോക്പിറ്റിന്റെ വാതിലിന് കനത്ത സുരക്ഷയാണുള്ളത്. പാസ്കോഡ് നല്കിയാല് മാത്രമേ വാതില്‍ തുറക്കാൻ സാധിക്കുകയുള്ളൂ. പാസ്കോഡ് നല്‍കിക്കഴിഞ്ഞ് പൈലറ്റിന് പ്രവേശനം അനുവദിക്കുകയോ നിരസിക്കുകയോ ചെയ്യാം. അനധികൃതമായി വാതില്‍ തുറക്കാൻ ശ്രമിച്ച യാത്രക്കാരന് പാസ്കോഡ് ശരിയായി നല്കാൻ കഴിഞ്ഞില്ല. പിന്നാലെ ജീവനക്കാർ ഇയാളെ തിരികെ സീറ്റില്‍ ഇരുത്തുകയായിരുന്നു.വിമാനം വാരാണസിയില്‍ എത്തിയതിന് പിന്നാലെ ജീവനക്കാർ ഇയാളെ സിഐഎസ്എഫിന് കൈമാറി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എയർ ഇന്ത്യ അറിയിച്ചു. ടോയ്ലറ്റ് തിരയുന്നതിനിടെ യാത്രക്കാരൻ കോക്പിറ്റിന്റെ വാതില്‍ തുറക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് എയർ ഇന്ത്യ പറഞ്ഞത്
