മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു
ന്യൂഡൽഹി: മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിലേക്ക്. എഐസിസി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചു. 2019-ൽ ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ചാണ് സർവീസിൽ നിന്നും രാജിവച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് പറ്റിയ ഇടമാണ് കോണ്‍ഗ്രസ് എന്നാണ് കണ്ണൻ ഗോപിനാഥൻ കോണ്‍ഗ്രസിലേക്ക് ചേരുന്നതിന് മുമ്പായി പ്രതികരിച്ചത്.
മോദി സർക്കാറിന്റെ കടുത്ത വിമർശകനായ കണ്ണൻ ഗോപിനാഥൻ രാവിലെ 11.30ന് എഐസിസി ആസ്ഥാനത്തുവച്ചാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അദ്ദേഹത്തിന് അംഗത്വം നൽകി. കനയ്യ കുമാർ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം സ്വീകരിച്ചത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവെയാണ് മലയാളി കൂടിയായ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിലേക്ക് എത്തുന്നത് എന്നതാണ് ശ്രദ്ധേയം.
മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കണ്ണൻ ഗോപിനാഥൻ കോൺഗ്രസിലേക്ക് ചേരുന്നതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കും എന്നായിരുന്നു കണ്ണന്റെ പ്രതികരണം. ഇത് പൗരന്മാരുടെ പാർട്ടിയാണ്. എന്നാൽ പൗരന്മാരിൽ നിന്ന് പ്രജകളിലേക്കുളള യാത്രയാണ് ഇപ്പോൾ നടക്കുന്നത്. തിരിച്ചു പൗരന്മാരിലേക്കുള്ള യാത്രയാണ് ലക്ഷ്യം. എന്താണ് തന്റെ റോളെന്ന് പാർട്ടി തീരുമാനിക്കുമെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു.
ജമ്മു കശ്മീരിലെ പ്രത്യേക പദവി എടുത്തുകളഞ്ഞ സമയത്താണ് കണ്ണൻ ഗോപിനാഥൻ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. കശ്മീരിലെ ജനങ്ങളുടെ ജനാധിപത്യ അവകാശവും ഭരണഘടന അവകാശവും ലംഘിക്കുന്നുവെന്നും രാജ്യത്തെ ഒരു പൗരൻ എന്ന നിലയിൽ നിശബ്ദനായിരിക്കാൻ കഴിയില്ലെന്നും കണ്ണൻ ഗോപിനാഥൻ തുറന്നടിച്ചിരുന്നു.
നോട്ടുനിരോധനം അടക്കമുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ഒരോ നയങ്ങള്‍ക്കെതിരെയും അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കണ്ണൻ ഗോപിനാഥനെതിരെ കുറ്റപത്രം നൽകിയിരുന്നു. കേന്ദ്രത്തിന്‍റെ പ്രതിച്ഛായ കളയാൻ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രമിച്ചുവെന്ന തരത്തിലായിരുന്നു കുറ്റപത്രം.
