ഗരീബ് കല്യാണ്‍ യോജന അഞ്ച് വര്‍ഷത്തേക്ക് കൂടി; 80 കോടി കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍

ന്യൂഡല്‍ഹി | കേന്ദ്രസര്‍ക്കാരിന്റെ പൊതു വിതരണ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി.

2024 ജനുവരി ഒന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.

തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളിലെ പാവപ്പെട്ടവർക്ക് പ്രതിമാസം അഞ്ച് കിലോ സൗജന്യ ഭക്ഷ്യധാന്യം ലഭിക്കും. പദ്ധതിയുടെ ഭാഗമായി അന്ത്യോദയ അന്ന യോജന കുടുംബങ്ങൾക്കും മുൻഗണന വിഭാഗത്തിൽ പെട്ടവർക്കും ഭക്ഷ്യധാന്യങ്ങൾ ലഭിക്കും.

ഏതാണ്ട് 80 കോടിയോളം പേർ പദ്ധതിയുടെ ​ഗുണഭോക്താക്കളാണ്. പദ്ധതിക്കായി അടുത്ത അഞ്ച് വർഷത്തേക്ക് കേന്ദ്ര സർക്കാർ 11.80 ​ലക്ഷം കോടി രൂപ ചെലവഴിക്കുമെന്നും മന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.

കോവിഡ് കാലത്താണ് കേന്ദ്ര സർക്കാർ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി ആരംഭിച്ചത്.