Latestലോകം

ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ കരാർ ഒപ്പിടൽ നാളെ; ട്രംപ് പങ്കെടുക്കും

ജറുസലം: ​വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ​ഗാസയിൽ നിന്നും ഇസ്രയേൽ സൈന്യം പിന്മാറി തുടങ്ങി. ഇസ്രയേൽ ആക്രമണത്തെ തുടർന്ന് പലായനം ചെയ്ത പതിനായിരക്കണക്കിനു പലസ്തീൻകാർ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. കരാറിന്റെ ഭാഗമായി പലസ്തീന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് ഇസ്രയേൽ സൈന്യം പിന്മാറുമെന്ന് അറിയിച്ചെങ്കിലും ഗാസയിലെ ചില ഇടങ്ങളിൽ സാന്നിധ്യം തുടരുമെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. ഈ സ്ഥലങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കണമെന്ന് ഗാസയിലെ ജനങ്ങളോട് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് ആവശ്യപ്പെട്ടു.

ഏറെ അനിശ്ചിതത്വങ്ങൾക്ക് ശേഷമാണ് ഹമാസും ഇസ്രയേലും ഗാസയിലെ സമാധാന പദ്ധതി അംഗീകരിച്ചത്. മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഇസ്രയേൽ മന്ത്രിസഭ പദ്ധതിയുടെ ആദ്യഘട്ടത്തിന് അംഗീകാരം നൽകിയത്. ഇക്കാര്യം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. പിന്നാലെ ഗാസ സമയം ഉച്ചയ്ക്ക് 12നാണ് വെടിനിർത്തൽ നിലവിൽവന്നത്. 24 മണിക്കൂറിനുള്ളിൽ എല്ലാ ആക്രമണങ്ങളും നിർത്താനുള്ള കരാറിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. കൂടാതെ 72 മണിക്കൂറിനകം ഹമാസ് ബന്ദികളാക്കിയ ഇസ്രയേലുകാരെയും ഇസ്രയേൽ തടവറയിൽ കഴിയുന്ന പലസ്തീനികളേയും മോചിപ്പിക്കണമെന്ന് കരാറിൽ വ്യവസ്ഥയുണ്ട്. ആദ്യഘട്ട ധാരണയുടെ ഭാഗമായുള്ള ബന്ധികൈമാറ്റം ഉടനുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം.

ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ കരാറിന്റെ ഒപ്പിടൽ ചടങ്ങ് നാളെ ഈജിപ്തിൽ നടക്കും. സമാധാന കരാറിന് നേതൃത്വം നൽകിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചടങ്ങിൽ പങ്കെടുക്കും.

വെടിനിർത്തൽ നിരീക്ഷിക്കാൻ അറബ് രാജ്യങ്ങളിൽനിന്നുള്ള 200 സൈനികരെ ഗാസയിൽ നിയോഗിക്കും. ഗാസയിൽ നാളെ മുതൽ സഹായമെത്തിക്കാൻ യുഎന്നിന് ഇസ്രയേൽ അനുമതി നൽകി. 1.7 ടൺ സാധനസാമഗ്രികൾ വിതരണത്തിന് യുഎൻ സജ്ജമാക്കി.