രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ സെന്റർ ആന്ധ്രയിൽ; 88000 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി ഗൂഗിൾ
വിശാഖപട്ടണം: രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ സെന്റർ ആന്ധ്രാപ്രദേശിൽ സ്ഥാപിക്കാൻ ഒരുങ്ങി അമേരിക്കൻ ടെക് ഭീമനായ ഗൂഗിൾ. ഇതിനായി ഗൂഗിൾ 10 ബില്യൺ ഡോളർ (88000 കോടി രൂപ) നിക്ഷേപിക്കാൻ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിശാഖപട്ടണത്താണ് ഒരു ജിഗാവാട്ട് (GW) ശേഷിയുള്ള ഡാറ്റാ സെൻറർ ക്ലസ്റ്റർ സ്ഥാപിക്കുന്നത്.
ഇന്ത്യയിലെ ഡിജിറ്റൽ മേഖലയിൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ നിക്ഷേപമാണ് ഗൂഗിൾ നടത്തുന്നത്. ഈ പദ്ധതി ഇന്ത്യയിലെ മാത്രമല്ല, ഏഷ്യയിലെയും ഏറ്റവും വലിയ ഡാറ്റാ ഹബ്ബായിരിക്കും എന്നാണ് റിപ്പോർട്ട്. വിശാഖപട്ടത്തെ ഗൂഗിൾ ഡാറ്റാ സെൻറർ ക്ലസ്റ്റർ 188,000 തൊഴിലവസരം സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷ. ഗൂഗിളിൻറെ ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഫ്രാസ്‌ട്രക്‌ചർ നിക്ഷേപമാണിത്. ആഗോളതലത്തിൽ ഗൂഗിളിനും അതിൻറെ അനുബന്ധ സ്ഥാപനങ്ങൾക്കും നിരവധി ഡാറ്റാ സെൻററുകൾ പ്രവർത്തിക്കുന്നുണ്ട്. അമേരിക്ക, ജപ്പാൻ, സിംഗപ്പൂർ, അയർലൻഡ്, ജർമ്മനി എന്നിവയുൾപ്പെടെ 11 രാജ്യങ്ങളിൽ ആണ് ഈ ഡാറ്റാ സെൻററുകൾ പ്രവർത്തിക്കുന്നത്.
1 GW ശേഷിയുള്ള ഈ ഡാറ്റാ സെൻറർ ഹബ്ബിൽ വിശാഖപട്ടണം ജില്ലയിലെ അദവിവാരം, തർലുവാഡ ഗ്രാമങ്ങളിലും അനകപ്പള്ളി ജില്ലയിലെ റാമ്പിള്ളി ഗ്രാമത്തിലുമായി വ്യാപിച്ചുകിടക്കുന്ന മൂന്ന് കാമ്പസുകൾ ഉൾപ്പെടും എന്നാണ് റിപ്പോർട്ട്. ഗൂഗിളിൻറെ മെഗാ ഡാറ്റാ ഹബ് 2028 ജൂലൈയോടെ പൂർണ്ണമായും പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഡാറ്റാ സെൻററിനൊപ്പം മൂന്ന് ഉയർന്ന ശേഷിയുള്ള സബ്‍മറൈൻ കേബിളുകൾ, കേബിൾ ലാൻഡിംഗ് സ്റ്റേഷനുകൾ, ഒരു മെട്രോ ഫൈബർ നെറ്റ്‌വർക്ക്, അത്യാധുനിക ടെലികോം ഇൻഫ്രാസ്‌ട്രക്‌ചർ എന്നിവയുടെ നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെടും. ആന്ധ്രാപ്രദേശിനെ ഒരു ഡാറ്റ ഇൻഫ്രാസ്‌ട്രക്‌ചർ ഹബ്ബ് ആക്കുന്നതിനുള്ള സംസ്ഥാന സർക്കാരിൻറെ ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ പദ്ധതി.
2024 ഡിസംബറിൽ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവും ഗൂഗിളും തമ്മിൽ ഒപ്പുവച്ച ധാരണാപത്രത്തെത്തുടർന്നാണ് ഡാറ്റ സിറ്റി വികസനം ത്വരിതപ്പെടുത്തുന്നതിനായി ഐടി, പകർപ്പവകാശ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള പ്രക്രിയ സംസ്ഥാന സർക്കാർ ആരംഭിച്ചത്. മുഖ്യമന്ത്രി നായിഡു അധ്യക്ഷനായ സംസ്ഥാന നിക്ഷേപ പ്രമോഷൻ ബോർഡ് ഉടൻ തന്നെ ഈ നിർദ്ദേശത്തിന് അംഗീകാരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം പദ്ധതിക്ക് അന്തിമരൂപം നൽകുന്നതിനായി ഗൂഗിളിന്റെ ഉന്നത നേതൃത്വവും ആന്ധ്രാപ്രദേശിൻറെ ഐടി, ഇലക്‌ട്രോണിക്‌സ് മന്ത്രി നര ലോകേഷും തമ്മിലുള്ള കൂടിക്കാഴ്‌ച ഒക്‌ടോബർ 14ന് ദില്ലിയിൽ നടക്കും.
