ജിഎസ്എൽവി വിക്ഷേപണം വിജയകരം; എൻവിഎസ്-01 ഭ്രമണപഥത്തിൽ
ന്യൂഡല്‍ഹി: ഇന്ത്യയുടെ രണ്ടാംതലമുറ ഗതിനിര്‍ണയ ഉപഗ്രഹം എന്‍വിഎസ്-01 വിക്ഷേപണം വിജയകരം. ജിഎസ്എല്‍വി മാര്‍ക്- 2 റോക്കറ്റ് എന്‍വിഎസ്-01 ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. ജിപിഎസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയാണ് രണ്ടാം തലമുറ എന്‍വിഎസ് ഉപഗ്രഹങ്ങളുടെ ദൗത്യം.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്സ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്ന് രാവിലെ 10.42-നായിരുന്നു വിക്ഷേപണം. ഇന്ത്യന്‍ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം ശ്രേണിയിലെ ഏഴ് ഉപഗ്രഹങ്ങളുടെ സ്ഥാനത്തേക്കാണ് അടുത്ത തലമുറയില്‍പ്പെട്ട എന്‍വിഎസ് ഉപഗ്രഹങ്ങള്‍ വരുന്നത്. ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹമാണ് 2232 കിലോഗ്രാം ഭാരമുള്ള എന്‍വിഎസ്-01. ഈ പരമ്പരയില്‍ അഞ്ച് ഉപഗ്രഹങ്ങളാണുള്ളത്.
കരയിലും ആകാശത്തും കടലിലുമുള്ള ഗതിനിര്‍ണയം, ദുരന്ത നിവാരണം, സൈനിക ആവശ്യങ്ങള്‍, സമുദ്ര ഗതാഗതം, വ്യോമ ഗതാഗതം, വ്യക്തിഗത യാത്രകള്‍, ഭൂപട നിര്‍മാണം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് നാവിക് ഉപയോഗപ്പെടുത്താം.