ഗള്‍ഫില്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; എമിറേറ്റ്സും എയര്‍ ഇന്ത്യ എക്സ്പ്രസും സര്‍വീസുകള്‍ തുടങ്ങി
ദുബായി: ഇറാൻ-ഇസ്രയേല്‍ സംഘർഷത്തെത്തുടർന്ന് താത്കാലികമായി അടച്ചിട്ടിരുന്ന ദുബായ് വിമാനത്താവളങ്ങളില്‍ നിന്നുള്ള സർവീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു.ദുബായ് ഇന്‍റർനാഷണല്‍ എയർപോർട്ട്, അല്‍ മക്തൂം ഇന്‍റർനാഷണല്‍ എയർപോർട്ട് എന്നിവിടങ്ങളില്‍ നിന്ന് വിമാനങ്ങള്‍ ഭാഗികമായി സർവീസുകള്‍ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച ഇറാൻ നടത്തിയ മിസൈല്‍ ആക്രമണത്തെത്തുടർന്ന് മേഖലയിലെ വ്യോമപാതകള്‍ അടച്ചിട്ടിരുന്നു. ഇതോടെ പതിനായിരക്കണക്കിന് യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്. തിങ്കളാഴ്ച വൈകുന്നേരം മുതലാണ് നിയന്ത്രിതമായ രീതിയില്‍ വിമാനങ്ങള്‍ക്ക് പറന്നുയരാന്‍ അനുമതി നല്‍കിയത്. എമിറേറ്റ്സ്, ഇത്തിഹാദ്, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ എയർലൈനുകള്‍ സർവീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.
എങ്കിലും നിലവില്‍ ബുക്കിംഗ് ഉള്ളവർക്കും ട്രാൻസിറ്റ് യാത്രക്കാർക്കുമായിരിക്കും മുൻഗണന നല്‍കുക. അബുദാബിയില്‍ നിന്ന് കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുന്നതിനായി എത്തിഹാദ് എയർവേയ്‌സും ചില സർവീസുകള്‍ ആരംഭിച്ചിട്ടുണ്ട്.
