Latestകേരളം

ജിമ്മുകള്‍ക്ക് നിയന്ത്രണം?; ‘ജിം സ്ഥാപിക്കുന്നതിന് കേന്ദ്രീകൃത മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വേണം,ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഡല്‍ഹി: സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനായി ജിമ്മുകളും ഫിറ്റ്‌നസ് സെന്ററുകളും ദുരുപയോഗം ചെയ്യപ്പെടുന്നതായുള്ള പരാതിയില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ.ഇതുസംബന്ധിച്ച്‌ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്ര കായിക മന്ത്രാലയത്തിനും സ്‌പോർട്‌സ് അതോറിറ്റി ഒഫ് ഇന്ത്യക്കും കമ്മിഷൻ കത്തയച്ചു. ജിമ്മുകള്‍ കേന്ദ്രീകരിച്ച്‌ നിർബന്ധിത മതപരിവർത്തനം നടക്കുന്നതായും ആരോപണമുണ്ട്.

യുവതികളെ ചൂഷണം ചെയ്യുന്നതിനും മതപരിവർത്തനം നടത്തുന്നതിനുമായി ഉത്തർപ്രദേശില്‍ ജിമ്മുകള്‍ കേന്ദ്രീകരിച്ച്‌ റാക്കറ്റ് പ്രവർത്തിക്കുന്നതായി ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗം പ്രിയങ്ക് കനൂങ്കോ ചൂണ്ടിക്കാട്ടി. 50ല്‍ അധികം ചെറുപ്പക്കാരികള്‍ ഇരയാക്കപ്പെട്ടതായി മാദ്ധ്യമ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഇത്തരം ചൂഷണങ്ങള്‍ പ്രതിരോധിക്കാൻ ജിമ്മുകള്‍ക്കായി രാജ്യവ്യാപകമായി നിയന്ത്രണ മാർഗനിർദ്ദേശങ്ങള്‍ രൂപീകരിക്കാനും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളുമായും ബന്ധപ്പെട്ട് നിലവിലുള്ള മാർഗനിർദ്ദേശങ്ങള്‍, നയങ്ങള്‍, രജിസ്ട്രേഷൻ മാനദണ്ഡങ്ങള്‍ തുടങ്ങിയവ വിശദീകരിക്കുന്ന റിപ്പോർട്ട് സമർപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാരോട് കമ്മിഷൻ നിർദ്ദേശിച്ചു.

ജിമ്മുകള്‍ക്കും ഫിറ്റ്നസ് സെന്ററുകള്‍ക്കുമായി നിലവിലുള്ള ദേശീയ നയങ്ങളെക്കുറിച്ചും നിയന്ത്രണ മാനദണ്ഡങ്ങളെക്കുറിച്ചും വിശദാംശങ്ങള്‍ തേടി യുവജനകാര്യ, കായിക മന്ത്രാലയം സെക്രട്ടറിക്കും നോട്ടീസ് നല്‍കിയിരിക്കുകയാണ്. ജിമ്മുകള്‍ തുറക്കുന്നതിനുള്ള ആവശ്യകതകള്‍, ലൈസൻസിംഗ് മാർഗനിർദ്ദേശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ഡയറക്ടർ ജനറലിനും നോട്ടീസ് നല്‍കിയിട്ടുണ്ട്.