മലയാള സിനിമയില്‍ ‘ബീഫ് നിരോധനം’; ഷെയ്ൻ നിഗം ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചു
മലയാള സിനിമയില്‍ ‘ബീഫ് നിരോധന’വുമായി സെന്‍സര്‍ ബോര്‍ഡ്. യുവതാരം ഷെയ്ന്‍ നിഗത്തിന്റെ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കുന്ന ‘ഹാല്‍’ എന്ന ചിത്രത്തിനാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്. ഇതിന് ന്യായമായി വിചിത്രമായ കാരണങ്ങളാണ് ബോര്‍ഡ് ചൂണ്ടിക്കാട്ടിയത്. ഇതിനെതിരെ നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു.
സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ചിത്രത്തിലെ ചില സംഭാഷണശകലങ്ങളും ബീഫ് ബിരിയാണി കഴിക്കുന്നത് ഉള്‍പ്പെടെ 15 രംഗങ്ങള്‍ നീക്കം ചെയ്താൽ ‘എ’ സർട്ടിഫിക്കറ്റ് നൽകാമെന്നാണ് സെന്‍സര്‍ ബോര്‍ഡ് അണിയറ പ്രവര്‍ത്തകരോട് പറഞ്ഞത്. ധ്വജപ്രണാമം, സംഘം കാവലുണ്ട് എന്നീ വാക്കുകളും നീക്കം ചെയ്യാന്‍ സെൻസർ ബോർഡ് ആവശ്യപ്പെട്ടു. ചിത്രത്തിന്റെ നിര്‍മാതാക്കളായ ജെവിജെ പ്രൊഡക്ഷന്‍സാണ് ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
അടുത്തിടെയാണ് സുരേഷ് ഗോപി ചിത്രം ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പേര് സെൻസർ ബോർഡ് ഇടപെടലിനെ തുടർന്ന് മാറ്റിയത്. ജാനകിയെന്നത് രാമായണത്തിലെ സീതയുടെ പേരാണെന്ന വിചിത്രമായ കാരണമാണ് അന്ന് സെൻസർ ബോർഡ് പറഞ്ഞത്. നേരത്തേ മോഹൻലാൽ ചിത്രം എമ്പുരാനും വിവാദമായിരുന്നു. ചിത്രത്തിൽ നിന്ന് ഏതാനും രംഗങ്ങൾ വെട്ടിമാറ്റുകയും പേര് മാറ്റുകയും ചെയ്തശേഷം വീണ്ടും സെൻസർ ചെയ്യുകയായിരുന്നു.
