Latestസ്‌പോര്‍ട്‌സ്‌

രഞ്ജി ട്രോഫി; സഞ്ജു സാംസണ് അർധ സെഞ്ചുറി

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിൽ സഞ്ജു സാംസണ് അർധ സെഞ്ചുറി. കേരളത്തിന് വേണ്ടി 50 റൺസ് നേടിയ താരം ഇപ്പോഴും ക്രീസിൽ തുടരുന്നു. ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീനാണ് (17) സഞ്ജുവിന് കൂട്ട്. കാര്യവട്ടം, ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മഹാരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 239നെതിരെ കേരളം മൂന്നാം ദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 110 റൺസെടുത്തിട്ടുണ്ട്. ഇപ്പോഴും 129 റൺസ് പിറകിലാണ് കേരളം. ഇന്ന് സച്ചിൻ ബേബിയുടെ (7) വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്.

കേരളം മൂന്നിന് 35 എന്ന നിലയിലാണ് കേരളം ഇന്ന് ബാറ്റിംഗിനെത്തിയത്. പിന്നീട് സഞ്ജു – സച്ചിൻ സഖ്യം 40 റൺസ് കൂട്ടിചേർത്തു. എന്നാൽ സച്ചിൻ ബേബിയെ പുറത്താക്കി രാമകൃഷ്ണ ഘോഷ് മഹാരാഷ്ട്രയ്ക്ക് ബ്രേക്ക് ത്രൂ നൽകി. ഏഴ് റൺസ് മാത്രമെടുത്ത സച്ചിൻ ബേബി പുറത്ത്. വിക്കറ്റ് കീപ്പർ സൗരഭ് നവാലെയ്ക്ക് ക്യാച്ച് നൽകിയാണ് സച്ചിൻ ബേബി മടങ്ങുന്നത്. ഇതിനിടെ സഞ്ജു ഒരു ഭാഗത്ത് ആക്രമിച്ച് കളിക്കുന്നുണ്ടായിരുന്നു. 51 പന്തുകൾ നേരിട്ട സഞ്ജു ഒരു സിക്‌സും അഞ്ച് ഫോറും നേടിയിട്ടുണ്ട്.

കേരളം: മുഹമ്മദ് അസ്ഹറുദ്ദീൻ (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), ബാബ അപരാജിത്ത്, സഞ്ജു സാംസൺ, സച്ചിൻ ബേബി, എം ഡി നിധീഷ്, അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമ്മൽ, അങ്കിത് ശർമ്മ, ഈഡൻ ആപ്പിൾ ടോം, നെടുമൺകുഴി ബേസിൽ, സൽമാൻ നിസാർ.

മഹാരാഷ്ട്ര: അങ്കിത് ബാവ്നെ (ക്യാപ്റ്റൻ), പൃഥ്വി ഷാ, റുതുരാജ് ഗെയ്ക്വാദ്, സൗരഭ് നവലെ (വിക്കറ്റ് കീപ്പർ), ജലജ് സക്സേന, രജനീഷ് ഗുർബാനി, വിക്കി ഓസ്ത്വാൾ, സിദ്ധേഷ് വീർ, മുകേഷ് ചൗധരി, അർഷിൻ കുൽക്കർണി, രാമകൃഷ്ണ ഘോഷ്.