മാലിന്യത്തില്‍ സ്വര്‍ണ‌മോതിരങ്ങള്‍; തിരിച്ചുനല്‍കി ഹരിതകര്‍മസേന

വീടുകളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യത്തില്‍നിന്നും ലഭിച്ച സ്വര്‍ണമോതിരങ്ങള്‍ ഉടമയ്ക്ക് തിരിച്ചുനല്‍കി മാതൃകായി മാടായി പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങള്‍.മൊട്ടാന്പരം മഞ്ഞരളപ്പിന് സമീപമുള്ള ബേബി ബാബുവിന്‍റെ വീട്ടില്‍നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നുമാണ് ഹരിത കര്‍മ സേനാംഗങ്ങളായ അല്‍ഫോൻസ് ജോര്‍ജ്, സരള പ്രഭാകരൻ, ത്രേസ്യ ബൈജു, ലില്ലി പോള്‍, വസന്ത ബാബു എന്നിവര്‍ക്ക് നാല് സ്വര്‍ണമോതിരങ്ങള്‍ ലഭിച്ചത്. പ്ലാസ്റ്റിക് പാത്രത്തില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു മോതിരങ്ങള്‍ ലഭിച്ചത്.

ഉടൻ തന്നെ വീട്ടുകാരുമായി ബന്ധപ്പെടുകയായിരുന്നു. വീടിന്‍റെ അറ്റകുറ്റപണി നടക്കുന്പോള്‍ മോതിരങ്ങള്‍ പ്ലാസ്റ്റിക് പാത്രത്തിലിട്ടുവച്ചതായിരുന്നുവെന്നും ഇതോര്‍ക്കാതെ പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പം നല്‍കിയതാണെന്നും വീട്ടുകാര്‍ പറഞ്ഞു.