ഹര്‍ഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം:ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും പ്രതികളാകും

കോഴിക്കോട്: യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടർമാരെയും നഴ്സുമാരെയും കേസിൽ പ്രതികളാക്കും. ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടർമാരേയും രണ്ട് നഴ്സുമാരേയുമാണ് കേസിൽ പ്രതികളാക്കുന്നത്. നിലവിൽ പ്രതിസ്ഥാനത്തുള്ള ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ളവരെ കേസിൽ നിന്ന് ഒഴിവാക്കും. ഇതിനായി അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകും. ജില്ലാ മെഡിക്കൽ ബോർഡ് തീരുമാനത്തിനെതിരെ അപ്പീൽ നൽകേണ്ടെന്നും കോഴിക്കോട് സിറ്റി പൊലീസ് തീരുമാനിച്ചു.

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി തേടി ഹര്‍ഷിനയും കുടുംബവും ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ ഗുഡാലോചന ആരോപിച്ചും കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടും  സെക്രട്ടേറിയറ്റിന് മുന്നിൽ ഹര്‍ഷിന ഏകദിന ഉപവാസം നടത്തി. മാത്യു കുഴൽനാടൻ എംഎൽഎ സമരം ഉദ്ഘാടനം ചെയ്തു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അടക്കമുള്ള രാഷ്ട്രീയ സാമൂഹിക നേതാക്കൾ ഹർഷിനയ്ക്ക് ഐക്യദാർഢ്യവുമായെത്തി. ഹർഷിനയുടെ ആവശ്യങ്ങൾ അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു.