ആൻ്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം: ബോധവത്കരണത്തിന് ആരോഗ്യ വകുപ്പ്

ആൻ്റിബയോട്ടിക്കുകളുടെ അമിതഉപയോഗത്തിന് എതിരെ ബോധവത്കരണവുമായി ആരോഗ്യ വകുപ്പ്. നവംബര്‍ 24 വരെയാണ് വാരാചരണം നടക്കുക.

ഈ വര്‍ഷത്തോടെ സമ്പൂർണ ആന്റിബയോട്ടിക് സാക്ഷര സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍.

മെഡിക്കല്‍ സ്റ്റോറുകളില്‍ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ ലഭിക്കില്ലെന്ന് പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കണം എന്നതാണ് പ്രധാന നിര്‍ദേശം. വാരാചരണത്തിൻ്റെ ഭാഗമായി ജില്ല, ബ്ലോക്ക്, തദ്ദേശസ്ഥാപന തലങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.

ആൻ്റിബയോട്ടിക് മരുന്നുകളുടെ അമിതഉപയോഗം മൂലം ഇവയെ ഫലശൂന്യമാക്കും വിധമുള്ള ബാക്ടീരിയകളുടെ ആര്‍ജിത പ്രതിരോധ ശേഷിയെയാണ് ‘ആൻ്റിബയോട്ടിക് പ്രതിരോധം’ എന്ന് വിശേഷിപ്പിക്കുന്നത്.

പ്രതിരോധശേഷി നേടുന്ന ബാക്ടീരിയകളുടെ എണ്ണം പെരുകുന്ന സാഹചര്യത്തില്‍ രോഗകാരികളായ വിവിധ ബാക്ടീരിയകള്‍ ഏതൊക്കെ ആൻ്റിബയോട്ടിക്കുകളെ അതിജീവിക്കും എന്നും ഏതിനോടെല്ലാം കീഴ്പ്പെടുമെന്നതടക്കം വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിവരശേഖരമാണ് ആൻ്റിബയോഗ്രാം.

ഈ അടിസ്ഥാനവിവരങ്ങള്‍ ചികിത്സയെ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും കൃത്യമായ മരുന്ന് നിഷ്കര്‍ഷിക്കാൻ ഡോക്ടര്‍മാരെ സഹായിക്കും എന്നുമാണ് ആരോഗ്യ വകുപ്പിൻ്റെ വിലയിരുത്തല്‍.